പരവൂർ| മരാമത്തു വിഭാഗവും ജല അതോറിറ്റിയും തമ്മിൽ തർക്കം രൂക്ഷമായതോടെ ചാത്തന്നൂർ-പരവൂർ റോഡിൽ പണി അനിശ്ചിതത്വത്തിലായി. നെടുങ്ങോലം താലൂക്ക് ആശുപത്രിമുതൽ പരവൂർ ജങ്ഷൻ വരെയുള്ള പണികളാണ് മരാമത്തുവിഭാഗം നിർത്തിവെച്ചത്. മരാമത്ത് അനുമതി നൽകാത്തതിനാൽ ജലവിതരണവകുപ്പിന്റെ പൈപ്പുസ്ഥാപിക്കലും നിലച്ചു. റോഡ് കുഴിക്കാൻ രണ്ടേമുക്കാൽ കോടി രൂപയോളം മരാമത്തുവിഭാഗം ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിച്ചത്. പദ്ധതിയിൽ 28 ലക്ഷം രൂപ മാത്രമാണ് ജല അതോറിറ്റി നീക്കി വെച്ചിട്ടുള്ളത്.
പൊളിച്ചുനിർമിക്കുന്ന റോഡിൽ കുഴിയെടുത്ത് പൈപ്പിടുന്നതിന് ഇത്രയും തുക ഭീമ മാണെന്നാണ് അവരുടെ വാദം. തുക കെട്ടിവയ്ക്കാത്തതിനാൽ ജല അതോറിറ്റിയുടെ പണികൾ മരാമത്തുവിഭാഗം നിർത്തിവയ്പിച്ചിരിക്കുകയാണ്. ചോർച്ചമൂലം പലയിടങ്ങളിലും വെള്ളം പാഴാകുന്നുണ്ട്. ഈ തകരാർ പരിഹരിക്കാനും കഴിയുന്നില്ല. പൈപ്പ് സ്ഥാപിച്ചാൽ മാത്രമേ റോഡുപണി പുനരാരംഭിക്കാനും കഴിയുകയുള്ളൂ. മറിച്ചായാൽ പുതിയ റോഡ് പൊളിക്കേണ്ടിവരും.
40 വർഷത്തോളം പഴക്കമുള്ള പൈപ്പ് മാറ്റിയില്ലെങ്കിൽ റോഡു പണി ആരംഭിക്കുമ്പോൾ അവ പൊട്ടും. റോഡിന്റെ വശങ്ങൾ ബലപ്പെടുത്തി മണ്ണിട്ടുയർത്തുന്ന പണികളാണ് നടക്കേണ്ടിയിരുന്നത്. ഏപ്രിൽ വരെയാണ് ചാത്തന്നൂർ-പരവൂർ റോഡു നിർമാണത്തിന്റെ കരാർ കാലാവധി.
പൈപ്പ് സ്ഥാപിക്കാൻ അനുമതിതേടി കഴിഞ്ഞദിവസം ജല അതോറിറ്റി കളക്ടറെ സമീപിച്ചിരുന്നു. എന്നാൽ തീരുമാനമുണ്ടായില്ല.
ഉന്നതതലത്തിൽ ഇടപെടലുണ്ടായില്ലെങ്കിൽ പ്രശ്നം പരിഹാരമില്ലാതെ നീണ്ടുപോകും.
പറവൂരിലെ റോഡ് പണിയും പൈപ്പ് സ്ഥാപിക്കലും പാതിവഴിയിൽ.
