കായൽ ജലം കടലിലേക്കു ഒഴുക്കി

Published:

കൊല്ലം‌‌| കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത തോരാമഴയിൽ ഇടവ-നടയറ കായലിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്ന് തീരപ്രദേശങ്ങൾ വെള്ളത്തിലായതിനെ തുടർന്നു ജില്ലാ അതിർത്തിയിൽ പരവൂർ തെക്കുംഭാഗം-കാപ്പിൽ പൊഴി മുറിച്ചു. ഇന്നലെ ഉച്ചയോടെയാണ് പൊഴി മുറിച്ചു കായൽ ജലം കടലിലേക്കു ഒഴുകാൻ വഴി തെളിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ കായലിൽ വലിയ തോതിൽ ജലം ഉയർന്നു. തീരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഇതോടെ കാപ്പിൽ പൊഴി മുറിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പൊഴി മുറിക്കാൻ ശ്രമിച്ചെങ്കിലും കടലിൽ നിന്നുള്ള ശക്തമായ തിരയിൽ മണൽ അടിഞ്ഞു നികന്നിരുന്നു.

തീരത്തെ മണൽ പരപ്പിൽ ചാലു കീറിയതോടെ കായലിൽ നിന്നു കടലിലേയ്ക്കു ശക്തമായ ഒഴുക്ക് ഉണ്ടായി. മണൽ തിട്ടകൾ കവർന്നു ജലം ഒഴുകിയതോടെ പൊഴിയുടെ വിസ്തൃതി വർധിച്ചു. ശക്തമായ ഒഴുക്കിനെ അവഗണിച്ചു സഞ്ചാരികൾ പൊഴിമുഖത്ത് കുളിക്കാനും ഉല്ലസിക്കാനും ഇറങ്ങുന്നത് അപകട ഭീഷണി ഉയർത്തുന്നുണ്ട്.

തുടർമഴയിൽ കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നതിനാൽ പവിത്രേശ്വരം പഞ്ചായത്തിലെ ചെറുപൊയ്ക പാലം ജംക്‌ഷനിൽ വെള്ളമുയർന്നു. കാരാളിൽ ക്ഷേത്രത്തിലേക്കുള്ള വഴി ഭാഗികമായി മുങ്ങി. തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യു അധികൃതർ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ചിലയിടങ്ങളിൽ തുടർമഴയിൽ പ്രളയ ജലം വീടുകളുടെ ഉള്ളിലേക്കും കയറി. റോഡുകൾ തോടുകളായതോടെ യാത്രയും ജനജീവിതവും ദുസ്സഹമായി.

Related articles

Recent articles

spot_img