അന്തിമഘട്ടത്തിലേക്കടുത്ത് മുന്നണികളുടെ സ്വീകരണ പരിപാടികൾ.

Published:

കൊട്ടാരക്കര  |   സ്ഥാനാർഥികളുടെ സ്വീകരണ പരിപാടികൾ അന്തിമഘട്ടത്തിൽ. മാവേലിക്കര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ രണ്ടാം ഘട്ട സ്വീകരണം വിഷുദിനത്തിൽ സമാപിച്ചു. അവസാനഘട്ട സ്വീകരണ പരിപാടി 22നു കൊട്ടാരക്കരയിലും മൈലത്തും നടക്കും. എൽഡിഎഫ് സ്ഥാനാർഥി കെ.എ.അരുൺകുമാറിന്റെയും എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയുടെയും സ്വീകരണ പരിപാടി ഇന്നു തീരും.

അരുൺകുമാറിന്റെ സ്വീകരണ യോഗങ്ങൾ ഇന്ന് 9നു കരീപ്രയിൽ ആരംഭിച്ച് കൊട്ടാരക്കരയിൽ സമാപിക്കും. എഴുകോൺ ഈസ്റ്റ്, നെടുവത്തൂർ, കോട്ടാത്തല, കൊട്ടാരക്കര മേഖലയിലാണു സ്വീകരണം. ബൈജു കലാശാലയുടെ സ്വീകരണം ഇന്ന് 9നു കുളക്കട ജംക്‌ഷനിൽ ആരംഭിച്ച് രാത്രി മടന്തകോട് സമാപിക്കും.

കണിയും കൈനീട്ടവുമായി വരവേൽപ്
വിഷുദിനത്തിൽ കൊട്ടാരക്കരയിൽ പര്യടനത്തിന് ഇറങ്ങിയ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെ കണിയും കൈനീട്ടവും ആയി പ്രവർത്തകർ വരവേറ്റു. പെരുംകുളം ഭദ്രകാളി ക്ഷേത്ര ദർശനത്തിനു ശേഷമായിരുന്നു പര്യടനം. ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെയാണു പര്യടനം ആരംഭിച്ചത്. പാത്തലയിൽ കൂറ്റൻ പൂമാലയുമായി ആണു പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിച്ചത്.

കുളക്കട, നെടുവത്തൂർ, എഴുകോൺ പഞ്ചായത്തുകളിലെ 60 കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്കു സ്വീകരണം നൽകി. ഉദ്ഘാടന ചടങ്ങിൽ ബേബി പടിഞ്ഞാറ്റുംക്കര അധ്യക്ഷത വഹിച്ചു. സോമശേഖരൻ നായർ, കുളക്കട രാജു, ആർ.രാജശേഖരൻ പിള്ള, പള്ളത്ത് സുധാകരൻ, മണി മോഹനൻ നായർ, പി.ഹരികുമാർ, പൂവറ്റൂർ സുരേന്ദ്രൻ, ബി.തുളസീധരൻ പിള്ള, കെ.ജി.അലക്സ്, ജയപ്രകാശ് നാരായണൻ, ആർ.രശ്മി, ശിവശങ്കര പിള്ള എന്നിവർ പ്രസംഗിച്ചു.
കൊല്ലം പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന് ചടയമംഗലം നിയോജകമണ്ഡലത്തിന്റെ കിഴക്കൻ മേഖലയിൽ ആവേശകരമായ സ്വീകരണം. ചിതറ പഞ്ചായത്തിൽ ഇലവുപാലത്ത് ആരംഭിച്ച സ്വീകരണത്തിന് ചിതറ, അലയമൺ, ഇട്ടിവ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകി. മഞ്ഞപ്പാറയിൽ സ്വീകരണ പരിപാടി സമാപിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം.അൻസാറുദ്ദീൻ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ചിതറ എസ്.മുരളീധരൻ നായർ, കൺവീനർ പാങ്ങോട് സുരേഷ്, പാങ്ങോട് സുരേഷ്, ചീഫ് കോ-ഓർഡിനേറ്റർ ഡ.ചന്ദ്രബോസ്, വി.ടി.സിബി, എം.തമീമുദ്ദീൻ, ഐ.മുഹമ്മദ്‌ റഷീദ്, എ.ശ്രീകുമാർ, കൊല്ലായിൽ സുരേഷ്, റിയാസ് ചിതറ, തുമ്പമൺ‌തൊടി രാജൻ, ഭുവനചന്ദ്ര കുറുപ്പ്, സലിം, ഷാജഹാൻ കിഴുനില, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പി.ജി,സുരേന്ദ്രൻ, ഹുമയൂൺ കബീർ, എസ്.ആർ.ബിനോജ്, രാമചന്ദ്രൻ പിള്ള, സാദിഖ് എന്നിവർ പ്രസംഗിച്ചു.

യുഡിഎഫ് വാളകം കൺവൻഷൻ കേരള കോൺഗ്രസ് (ജോസഫ്) സ്റ്റേറ്റ് അഡ്വൈസർ സി.മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജേക്കബ് പാറവിള അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പ്രസന്നകുമാരി, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എ റഹീം തടിക്കാട്, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ബേബി മാത്യു, ആർഎസ്പി ജില്ലാ കമ്മിറ്റിയംഗം എൻ.കെ ബാലചന്ദ്രൻ, സുരേന്ദ്രൻ പിള്ള, അജിത് കൃഷ്ണൻ, പി.എം.ശിവദാസൻ, ബാബു അരിങ്ങട, റജി എന്നിവർ പ്രസംഗിച്ചു.

വനിത പാർലമെന്റുമായി എൽഡിഎഫ്

കൊട്ടാരക്കര  |   മാവേലിക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാ​ഗമായി ഉമ്മന്നൂരിൽ വനിത പാർലമെന്റ് നടത്തി. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജയശ്രീ വാസുദേവൻ പിള്ള, അസംബ്ലി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എ.മന്മഥൻ നായർ, പ്രസിഡന്റ് പി.എ.ഏബ്രഹാം, സിപിഐ മണ്ഡലം സെക്രട്ടറി എ.എസ്.ഷാജി, സിപിഎം ഏരിയ സെക്രട്ടറി പി.കെ.ജോൺസൻ, എ.നവാസ്, പി.ജെ.മുരളീധരൻ ഉണ്ണിത്താൻ, എ.അധിൻ, കെ.പ്രതാപകുമാർ, ബെൻസി റെജി, സിനി ജോസ്, മോളമ്മ ജോസ്, ശ്രീലേഖ ഗോപിനാഥ്, കെ.അജിത എന്നിവർ പ്രസംഗിച്ചു.

എൻഡിഎ പഞ്ചായത്ത് കൺവൻഷൻ
എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഉമ്മന്നൂർ പഞ്ചായത്ത് കൺവൻഷൻ ബിജെപി സംസ്ഥാന സമിതി അംഗം നെടുമ്പന ശിവൻ ഉദ്ഘാടനം ചെയ്തു. ഉമ്മന്നൂർ ഏരിയ പ്രസിഡന്റ് ശശിധരൻ ആചാരി അധ്യക്ഷത വഹിച്ചു. തിരുവട്ടൂർ രവി, മുരളിമോൻ ശശി, ശിവൻ പിള്ള, പ്രിൻസ് സാം, രാജീവ് ഭരണിക്കാവ് എന്നിവർ പ്രസംഗിച്ചു.

യൂത്ത് കോൺഗ്രസ് ബോധവൽക്കരണം
ഇളമാട് പഞ്ചായത്തിലെ കന്നിവോട്ടർമാരെ വോട്ടിന്റെ പ്രാധാന്യത്തെ കുറിച്ചു ബോധവൽക്കരിച്ച് യൂത്ത് കോൺഗ്രസ്. പഞ്ചായത്തിലെ കന്നി വോട്ടർമാരെ കണ്ടെത്തി ഇവരുടെ വീടുകളിലെത്തി പേന വിതരണം ചെയ്താണു ബോധവൽക്കരണം. പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് ഉദ്ഘാടനം ചെയ്തു. ജിഥിൻ പാറംങ്കോട് അധ്യക്ഷത വഹിച്ചു.കെഎസ്‌യു സംസ്ഥാന കൺവീനർ ലിവിൻ വേങ്ങൂർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് ഭാർഗവൻ, മണ്ഡലം പ്രസിഡന്റുമാരായ ദീപു ജോർജ്, എൻ.മണി, താജുദീൻ, അഖിൽ ഭാർഗവൻ, അനു, അരുൺ എന്നിവർ പ്രസംഗിച്ചു.

Related articles

Recent articles

spot_img