കൊല്ലം | ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ദിനംപ്രതി കൊല്ലം എം.എൽ.എ. മുകേഷിനെതിരേ ആരോപണങ്ങൾ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു. സ്ത്രീസുരക്ഷയെക്കുറിച്ച് വാചാലനാകുന്ന മുഖ്യമന്ത്രിയുടെ മാനസപുത്രനാണ് ആരോപണവിധേയനായ മുകേഷ് എന്ന് അദ്ദേഹം ആരോപിച്ചു. മുകേഷ് രാജിവെക്കണമെന്നും അല്ലെങ്കിൽ എം.എൽ.എ.സ്ഥാനത്തു നിന്നു പുറത്താക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി എം.എൽ.എ. യുടെ ഓഫീസിനു മുന്നിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് റിയാസ് ചിതാ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അസൈൻ പള്ളിമുക്ക്, ശരത് മോഹൻ, നേതാക്കളായ കൗശിക് എം.ദാസ്, ഒ.ബി.രാജേഷ്, ആഷിക് ബൈജു, ഉല്ലാസ് ഉളിയക്കോവിൽ, അസ് അർഷാദ്, അനസ് ഇരവിപുരം തുടങ്ങിയവർ സംസാരിച്ചു.
