പ്രേമചന്ദ്രന് സ്വീകരണം നൽകി
കൊല്ലം | യുഡിഎഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രന് കൊല്ലം നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണം. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് മാറ്റിവച്ച സ്വീകരണ പരിപാടിയാണ് ഇന്നലെ നടന്നത്. ലോക്സഭാ മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളും പാർലമെന്ററി രംഗത്ത് നടത്തിയ ഇടപെടലുകളുമാണ് പ്രേമചന്ദ്രൻ സ്വീകരണ യോഗങ്ങളിൽ വിശദീകരിക്കുന്നത്. കൊല്ലം റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നതും സ്പീഡ് പോസ്റ്റിനായി ഇനി തിരുവനന്തപുരത്ത് പോകാതെ കൊല്ലത്ത് തന്നെ നിർവഹിക്കാൻ കഴിയുന്ന തരത്തിൽ പുതിയ സ്പീഡ് പോസ്റ്റ് സംവിധാനം കൊണ്ടുവരാൻ സാധിച്ചതും എംപി ചൂണ്ടിക്കാട്ടി. ആശുപത്രി വികസനത്തിലും അമൃത് പദ്ധതി നിർവഹണത്തിലും ദേശീയ പാത വികസനത്തിലും വലിയ മുന്നേറ്റമുണ്ടാക്കാനും കഴിഞ്ഞതായും പ്രേമചന്ദ്രൻ പറയുന്നു. കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ യു ഡി എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു.
എൻഡിഎ കുണ്ടറ മണ്ഡലം കൺവൻഷൻ നടത്തി
കുണ്ടറ | ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന എൻഡിഎ കുണ്ടറ മണ്ഡലം കൺവൻഷൻ ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനത്തിനും കേന്ദ്രം നൽകുന്ന തുകയുടെ ഭൂരിഭാഗവും കമ്മിഷനായി പോകുമായിരുന്ന രാജ്യത്ത് ഇപ്പോൾ പൂർണമായും ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നുണ്ട്. ഇത് നരേന്ദ്ര മോദിയുടെ ഭരണമികവ് ആണെന്നും അദ്ദേഹം പറഞ്ഞു. സന്തോഷ് മാമ്പുഴ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ സ്വീകരിച്ചു. ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമൻ, ബിജെപി നാഷനൽ കൗൺസിൽ അംഗം എം . എസ്. ശ്യാം കുമാർ, മണ്ഡലം ഇൻ ചാർജ് എ. ജി. ശ്രീകുമാർ, സംസ്ഥാന സമിതി അംഗം വെള്ളിമൺ ദിലീപ്, മണ്ഡലം പ്രസിഡന്റുമാരായ ഇടവട്ടം വിനോദ്, ബൈജു പുതിച്ചിറ, എസ്ജെടി ജില്ലാ പ്രസിഡന്റ് സതീഷ് കുമാർ, ബിഡിജെഎസ് ജില്ലാ സെക്രട്ടറി സന്തോഷ്, കേരള കോൺഗ്രസ് സെക്കുലർ സംസ്ഥാന ചെയർമാൻ കല്ലട ദാസ്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം നെടുമ്പന ശിവൻ, മീഡിയ ജില്ലാ കൺവീനർ പ്രതി ലാൽ, ജനറൽ സെക്രട്ടറിമാരായ ചിറക്കോണം സുരേഷ്, സുരേഷ് ബാബു, സനൽ മുകളുവിള എന്നിവർ പ്രസംഗിച്ചു.
ബിജെപി ചാത്തന്നൂർ മണ്ഡലം കൺവൻഷൻ
പരവൂർ | ഭാരതത്തിൽ വിഭജനത്തിന്റെ പ്രത്യയ ശാസ്ത്രം കൊണ്ടു വന്നത് ജവാഹർലാൽ നെഹ്‌റുവാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. വി.ടി.രമ. ബിജെപി ചാത്തന്നൂർ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. അമേഠിയിൽ കഴിഞ്ഞ തവണ തോറ്റ രാഹുൽ ഗാന്ധി ഇപ്പോൾ അമേഠി ഉപേക്ഷിച്ച് അന്വേഷിച്ചത് അല്ലലില്ലാതെ ജയിക്കാനൊരു മണ്ഡലമാണെന്നും അവർ പറഞ്ഞു. ബിജെപി സ്ഥാനാർഥി ജി.കൃഷ്ണകുമാറിന് ചടങ്ങിൽ സ്വീകരണം നൽകി. ബിജെപി ജില്ലാ സെക്രട്ടറി പരവൂർ സുനിൽ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ, ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ.രോഹിണി, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ വെറ്റമുക്ക് സോമൻ, അഡ്വ. കിഴക്കനേല സുധാകരൻ, അഡ്വ. കൃഷ്ണചന്ദ്രമോഹൻ, ബി.ഐ.ശ്രീനാഗേഷ്, പരവൂർ മണ്ഡലം പ്രസിഡന്റ് ജി.പ്രദീപ്, ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ്, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജൻ പിള്ള, ഷൈമ, എസ്.സത്യപാലൻ, രഞ്ജിത് മൈലക്കാട് എന്നിവർ പ്രസംഗിച്ചു.
എൻഡിഎ സ്ഥാനാർഥിയുടെ സ്വീകരണം ഇന്നു തുടങ്ങും
കൊല്ലം | എൻഡിഎ സ്ഥാനാർഥിയുടെ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സ്വീകരണ പരിപാടികൾ ഇന്നു തുടക്കമാകും. ആദ്യ സ്വീകരണം ഇരവിപുരം മണ്ഡലത്തിലെ മുണ്ടയ്ക്കൽ തുമ്പറയിൽ രാവിലെ 10ന് ആരംഭിക്കും. ഒന്നിന് പുന്തലത്താഴത്ത് സമാപിക്കും. വൈകിട്ട് 3ന് മണിചൂട്ടർ വിളയിൽ നിന്നും ആരംഭിച്ച് രാത്രി 8ന് ഉമയനല്ലൂർ പന്നിമണിൽ സമാപിക്കും.
