കുണ്ടറ: ഇളമ്ബള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് ഞാലിയോട് ഭാഗത്തെ 10 ഓളം വീടുകളിലെ കിണറുകളില്‍ കക്കൂസ് മാലിന്യത്തിന്റെ സാന്നിദ്ധ്യം. ദുര്‍ഗന്ധത്തെത്തുടന്ന് വീട്ടുകാര്‍ വാര്‍ഡംഗത്തിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് ദുര്‍ഗന്ധത്തിന്റെ കാരണം കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയായി.
തുടര്‍ന്ന് എല്ലാ കിണറുകളും പൂര്‍ണമായും വറ്റിച്ചെങ്കിലും വീണ്ടും സമാനമായ രീതിയില്‍ ദുര്‍ഗന്ധം വമിക്കുന്ന വെള്ളമാണ് നിറയുന്നത്. വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. വെള്ളത്തിന്റെ സാമ്ബിള്‍ ശേഖരിച്ചെങ്കിലും തുടര്‍ നടപടി ഒന്നുമുണ്ടായില്ലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. കക്കൂസ് മാലിന്യം കലരാനുള്ള കാരണവും വ്യക്തമല്ല. ചെങ്കുത്തായ പ്രദേശമായതിനാല്‍ ജലക്ഷാമം രൂക്ഷമാണ്. ജലജീവൻ മിഷൻ പദ്ധതി പ്രകാരം ആഴ്ചയില്‍ രണ്ട് ദിവസം വാഹനത്തില്‍ എത്തിക്കുന്ന കുടിവെള്ളമാണ് പ്രദേശവാസികള്‍ക്ക് ആശ്രയം.
