കൊട്ടാരക്കര| നഗരത്തിലെ റോഡിലുടനീളം ചതിക്കുഴികൾ ഒരുക്കി സർക്കാർ വകുപ്പുകൾ. കുഴികളിൽ വീണ് യാത്രക്കാർക്ക് പരുക്കേൽക്കുന്നു. ഒരു മാസത്തിനുള്ളിൽ പത്തിലേറെ പേർക്ക് പരുക്കേറ്റതായാണ് കണക്കുകൾ. ദേശീയ പാതയിൽ കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തും ചന്തമുക്കിലും ആഴമേറിയ കുഴികൾ പതിവായി ഇരുചക്രവാഹനങ്ങളെ വീഴ്ത്തുന്നു. പരാതികൾ ഏറെ നൽകിയെങ്കിലും നടപടിയില്ല. മേൽമൂടിയില്ലാത്ത ഓടകളാണ് മറ്റൊരു അപകടമേഖല. ചന്തമുക്കിൽ മേൽമൂടിയില്ലാത്ത ഓടയിൽ വീണ് ഇരുചക്രവാഹന യാത്രക്കാരന്റെ കാലൊടിഞ്ഞു. ഇത് പതിവ് സംഭവമാണ്. കൊട്ടാരക്കര സബ് ജയിലിന് മുന്നിൽ നിന്നും നീക്കം ചെയ്ത ഇരുമ്പ് പോസ്റ്റിന്റെ ചുവട് ഭാഗം ഇപ്പോഴും തുടരുന്നു. മൂർച്ചയേറിയ ഭാഗമാണ് ഉള്ളത്. വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറുകയാണ്. പുലമണിലും മേൽമൂടിയില്ലാത്ത ഓടകൾ അപകടം സൃഷ്ടിക്കുന്നു.
