പുനലൂർ | കൊല്ലം ലോക്സഭാ മണ്ഡലത്തിലെ പുനലൂർ നിയോജകമണ്ഡലത്തിൽ വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികൾ പുനലൂരിൽ എത്തിച്ച് സ്ട്രോങ് റൂമിലാക്കി സീൽ ചെയ്തു. വോട്ടെണ്ണൽ കേന്ദ്രമായ ഗവ.എച്ച്എസ്എസ് സ്കൂളിലെ സ്ട്രോങ് റൂമിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ കൊല്ലം വെയർ ഹൗസിൽ നിന്നുമാണ് ആവശ്യമായിട്ടുള്ള വോട്ടിങ് മിഷൻ അടക്കമുള്ളത് അധികൃതർ ഏറ്റെടുത്ത് പുനലൂരിൽ എത്തിച്ചത്.
നിയോജകമണ്ഡലത്തിലെ 196 പോളിങ് ബൂത്തുകളിലേക്ക് ആവശ്യമായ ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രം അതിന്റെ റിസർവ് ഉൾപ്പെടെ 235, ബാലറ്റ് യൂണിറ്റുകൾ 235, കൺട്രോൾ യൂണിറ്റുകൾ 254 എന്നിങ്ങനെയാണു പുനലൂരിൽ എത്തിച്ചത്. വോട്ടെണ്ണൽ കേന്ദ്രമായ ഗവ.എച്ച്എസ്എസ് സ്കൂളിലെ സ്ട്രോങ് റൂമിലാണു ഇവ സൂക്ഷിച്ചിരിക്കുന്നത്. കൊല്ലത്ത് നിന്നുള്ള ഡോഗ് സ്ക്വാഡ് സ്ട്രോങ് റൂം പരിസരവും പരിശോധിച്ചു അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഉറപ്പിച്ചു. പൊലീസിന്റെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യം ഉണ്ടായിരുന്നു.
നിയോജകമണ്ഡലം അസി. റിട്ടേണിങ് ഓഫിസറും പുനലൂർ ആർഡിഓയുമായ സോളി ആന്റണി, ഓഫിസിലെ സീനിയർ സൂപ്രണ്ട് ഡി.സന്തോഷ് കുമാർ, തിരഞ്ഞെടുപ്പ് വിഭാഗം സൂപ്രണ്ട് ഷാജി ജി.വർഗീസ്, തുടങ്ങിയവർ നേതൃത്വം നൽകി.
