പുനലൂർ ബൈപ്പാസ് അലൈൻമെന്റ് ചർച്ചചെയ്ത് ജനപ്രതിനിധി യോഗം

Published:

പുനലൂർ | കൊല്ലം തിരുമംഗലം ദേശീയപാതയ്ക്കു സമാന്തരമായി പുനലൂരിൽ നിർമിക്കുന്ന ബൈപ്പാസിനായി തയ്യാറാക്കിയ അലൈൻമെന്റ് ചർച്ചചെയ്ത് ജനപ്രതിനിധികളുടെ യോഗം.
നിർദിഷ്ട പാത സംബന്ധിച്ച് ധാരണയുണ്ടാക്കാൻ കളക്ടർ എൻ. ദേവിദാസ് വിളിച്ചു ചേർത്ത യോഗത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി., പി.എസ്.സുപാൽ എം എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുത്തു.
പുനലൂർ പൈനാപ്പിൾ ജങ്ഷനിൽനിന്ന് ആരംഭിച്ച് ഇടമൺ 34-നു സമീപം അവസാനിക്കുന്ന തരത്തിലുള്ള നിർദിഷ്ട പാതയ്ക്കു യോഗം തത്ത്വത്തിൽ അംഗീകാരം നൽകി.
പ്രത്യേക പദ്ധതിയിൽപ്പെടുത്തി, കേന്ദ്രാനുമതി ലഭ്യമാക്കുന്നതിനുള്ള തുടർനടപടികളെടുക്കാനും തീരുമാനിച്ചു. ദേശിയപാത അതോറിറ്റി, കെ.എസ്.ഇ.ബി., ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ഉടൻ വിളിച്ചുചേർക്കാനും ധാരണയായി.
എൻ.എച്ച്.എ.ഐ.യുടെ നിർദേശപ്രകാരം, ഉത്തർപ്രദേശിലെ ഗാസിയാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസി നാല് അലൈൻമെൻ്റുകളാണ് യോഗത്തിൽ അവതരിപ്പിച്ചത്.
ഇതിൽനിന്ന്, പരമാവധി നിർമിതികൾ ഒഴിവാക്കിക്കൊണ്ടുള്ള നിർദിഷ്ട പാതയാണ് യോഗം അംഗീകരിച്ചത്.
ഇതനുസരിച്ചുള്ള വിശദമായ പദ്ധതിരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കി സമർപ്പിക്കുമെന്ന് എൻ.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടർ ബിപിൻ മധു പറഞ്ഞു.
തെന്മല പഞ്ചായത്ത് പ്രസിഡന്റ്റ് കെ.ശശിധരൻ, എൻ.എച്ച്.എ .ഐ. കോഡിനേറ്റർ സലിം, പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related articles

Recent articles

spot_img