പടപ്പക്കര കൊലപാതകം; മകൻ ഒളിവിൽ പരിക്കേറ്റ ആന്റണി അതിവ ഗുരുതരാവസ്ഥയിൽ

Published:

കുണ്ടറ | പടപ്പക്കരയിൽ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ഇവരുടെ അച്ഛനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പോലീസ് തിരയുന്ന മകൻ അഖിലിനെ പിടികൂടാനായില്ല. സെയ്ന്റ് ജോസഫ് പള്ളിക്കു സമീപം പുഷ്പവിലാസത്തിൽ പുഷ്പലത(55)യാണ് വെള്ളിയാഴ്ച രാത്രി ആക്രമണത്തിൽ മരിച്ചത്. പുഷ്പലതയുടെ അച്ഛൻ ആന്റണി (77) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന ചുറ്റിക പോലിസ്കണ്ടെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ അഖിൽ ഉപദ്രവിക്കുന്നതായി പോലീസ് കൺട്രോൾ റൂമിൽ പുഷ്പലതയുടെ പരാതി ലഭിച്ചിരുന്നു. സ്ഥലത്തെത്തിയ
പോലിസ് അഖിലിനെ താക്കിതു ചെയ്ത് വിട്ടു. വൈകീട്ട് അഞ്ചിനും രാത്രി 12-നും ഇടയിലാണ് ആക്രമണം നടന്നതെന്ന് പോലീസ് പറയുന്നു.മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന അഖിൽ അമ്മയെയും മുത്തപ്പനെയും ആക്രമിക്കുക പതിവായിരുന്നു. വെള്ളിയാഴ്ച രാത്രി നടത്തിയ ആക്രമണം ശനിയാഴ്ച 11.30-ഓടെ യാണ് പുറംലോകം അറിയുന്നത്.
ഏറെനേരം രക്തംവാർന്ന് വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കിടന്ന ആന്റണിക്ക് തലച്ചോറിന് സാരമായ പരിക്കുണ്ട്. ഞായറാഴ്ച വൈകിട്ടോടെ ആന്റണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.പുഷ്പവിലാസം വീടിനു സമീപം ഇവർക്ക് മറ്റൊരു വീടുകൂടിയുണ്ട്. ഇതിൽ അഖിൽ വരച്ചിട്ടിരിക്കുന്ന ഗ്രാഫിറ്റികൾ ലഹരി ഉപയോഗത്തിൻ്റെ തെളിവാണെന്ന് പോലീസ് പറയുന്നു. ആക്രമണത്തിനുശേഷം ഒളിവിൽ പോയ അഖിലിനായി പോലീസ് തിരച്ചിൽ നടത്തിവരുന്നു.

Related articles

Recent articles

spot_img