കരുനാഗപ്പള്ളി | ലഹരിവ്യാപാരവും ഉപയോഗവും തടയുന്നതിന് സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 30 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിലായി. കരുനാഗപ്പള്ളി മരുതൂർകുളങ്ങര നോർത്ത് രാജേഷ് ഭവനിൽ രാഹുൽ (24) ആണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിൻ്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി പോലീസും കൊല്ലം സിറ്റി ഡാൻ സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
വെള്ളിയാഴ്ച രാവിലെ കരുനാഗപ്പള്ളി പുതിയകാവിൽ സംശയാസ്പദമായി കണ്ട രാഹുലിനെ പോലീസ് സംഘം തടഞ്ഞു നിർത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 30 ഗ്രാം എം.ഡി. എം.എ. കണ്ടെത്തിയതെന്ന്
പോലീസ് അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് എം.ഡി. എം.എ. കടത്തി ക്കൊണ്ടുവന്ന് കൊല്ലം നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള സ്കൂൾ-കോളേജ് വിദ്യാർഥികൾക്കും മറ്റും വിതരണം ചെയ്യുകയായിരുന്നെന്നും പോലിസ് അറിയിച്ചു.
കരുനാഗപ്പള്ളി എ.സി.പി. പ്രദീപ്‌കുമാറിൻ്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ വി.ബിജു, എസ്.ഐ.മാരായ ഷമീർ, ഷാജിമോൻ, ജോയ്, എ.എസ്.ഐ. തമ്പി, സി.പി.ഒ. ഷഫീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള കരുനാഗപ്പള്ളി പോലീസും സബ് ഇൻസ്പെക്ടർ കണ്ണൻറെ നേതൃത്വത്തിലു ള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.
ഓപ്പറേഷൻ ഡി-ഹണ്ട്; 30 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ
