കൊട്ടാരക്കര | ജനക്കൂട്ടത്തെ ജീവശ്വാസമായി കൊണ്ടുനടന്ന ഉമ്മൻചാണ്ടിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരങ്ങളാണ് കൊട്ടാരക്കരയിലേക്ക് ഒഴുകിയെത്തിയത്. വഴിയോരങ്ങളിൽ കാത്തുനിന്ന എല്ലാവർക്കും പറയാനുള്ളത് പ്രിയ നേതാവിൻറെ പെട്ടെന്നുള്ള വിയോഗത്തിന്റെ ദുഃഖത്തെ കുറിച്ചാണ്. സ്വന്തം അനുഭവങ്ങളെ കുറിച്ചാണ്. രാവിലെ 9 മണി മുതൽ എത്തിയവരാണ് ഏറെയും. ഇടയ്ക്കിടയ്ക്ക് പെയ്ത മഴയിലും ചുട്ടു പൊള്ളുന്ന ചൂടിലും പ്രിയ നേതാവിനെ ഒരു നോക്ക് കാണാനായി രാത്രി വൈകിയും വലിയ ജനക്കൂട്ടമാണ് ഇവിടെ കാത്തു നിന്നത്. ആൾക്കൂട്ടത്തിലലിഞ്ഞ് വിലാപയാത്ര 72 കിലോമീറ്റർ തണ്ടാൻ എടുത്തത് 11 മണിക്കൂർ. എം. സി. റോഡ് അക്ഷരാർത്ഥത്തിൽ ഒ. സി. റോഡായ കാഴ്ച. വിലാപയാത്ര എത്താൻ വൈകുംതോറും കൊട്ടാരക്കര ജന സമുദ്രമാകുകയാണ്. എട്ട് മണിക്കൂറത്തെ കാത്തിരിപ്പിനോടുവിൽ 7:20-ന് വിലാപയാത്ര കൊട്ടാരക്കരയിലേക്ക് എത്തിച്ചേർന്നു. മഴയിലും തിങ്ങിനിറഞ്ഞ ജനകൂട്ടം പ്രിയ നേതാവിന് ഒരു പുഷ്പ്പമെങ്കിലും അർപ്പിക്കാൻ നന്നേ പാടുപെട്ടു. ഒടുവിൽ കൊടിക്കുന്നിൽ സുരേഷ് എംപിയും, പി. സി. വിഷ്ണുനാഥ് എം. എം. എൽ. എയും മൈക്കിലൂടെ വാഹനം കടത്തിവിടാൻ ആവശ്യപ്പെടേണ്ടി വന്നു. മുതിർന്ന നേതാക്കളും പോലീസും നന്നേ പാടുപെട്ട് വാഹനം കടത്തി വിട്ടു.കൊട്ടാരക്കരയിലെ ജനസാഗരത്തിന്റെ മടിത്തട്ടിലൂടെ സ്നേഹവായ്പ്പുകൾ എറ്റുവാങ്ങി തിരുന്നക്കരയില്ലേക്ക് പുതുപ്പള്ളിയുടെ കുഞ്ഞുഞ്ഞ് യാത്രയാകുമ്പോൾ ഒരുപാട് പറയാനുണ്ട് കൊട്ടാരക്കരയ്ക്കും.
