ആര്യങ്കാവ്| തിരുമംഗലം ദേശീയപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാൻ, ലോറിയുമായി കൂട്ടിയിടിച്ച് കൊക്കയിലേക്കു മറിഞ്ഞ് തീർഥാടക സംഘത്തിലെ സേലം സ്വദേശി ധനപാലൻ (47) മരിച്ചു. സേലം സ്വദേശികളായ മറ്റു 15 പേർക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ നാലിന് റെയിൽവെ സ്റ്റേഷൻ കവലയിൽ നിന്നു കോട്ടവാസൽ അതിർത്തിയിലേക്കുള്ള ഭാഗത്തായിരുന്നു അപകടം. കോട്ടവാസൽ അതിർത്തി കടന്ന ശേഷമാണ് ലോറി, എതിരെ വരികയായിരുന്ന വാനിൽ ദിശമാറി കൂട്ടിയിടിച്ചതെന്നു പറയുന്നു. അപകടത്തിൽപെട്ട് ലോറി എതിർവശത്തേക്കു ചരിഞ്ഞപ്പോൾ ഇടിയുടെ ആഘാതത്തിൽ പിന്നോട്ടു നിയന്ത്രണം വിട്ട വാൻ പാതയോരത്തെ 60 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. ഇതിനു സമീപത്തായാണു റെയിൽവേ പാത. ശബരിമല ദർശനം നടത്തി തിരികെ സേലത്തേക്കു പോകുകയായിരുന്നു വാൻ യാത്രക്കാരായ തീർഥാടകർ.അപകടത്തെ തുടർന്നു ദേശീയപാതയിൽ ഒരു മണിക്കൂർ ഗതാഗതം സ്തംഭിച്ചു. കൊക്കയിൽ മറിഞ്ഞ വാനിൽ നിന്ന് അപകടത്തിൽപെട്ടവരെ പുറത്തെടുത്ത ശേഷം ആംബുലൻസുകളിൽ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റവരെ പിന്നീടു തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തീർഥാടക സംഘത്തിലെ ദിലീപ് എന്ന കുട്ടിക്കാണു ഗുരുതര പരുക്ക്.മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ഇവരെ സന്ദർശിച്ച പി. എസ്. സുപാൽ എംഎൽഎ അറിയിച്ചു.
