കുണ്ടറ | കല്ലടയാറിന്റെ രൗദ്രഭാവം മാറി പുഴയിലെ ഓളങ്ങൾ ശാന്തമായതോടയാണ് മൺറോത്തുരുത്തിൽ ഓണമെത്തുന്നത്. നെല്ലും തെങ്ങും കയർ വ്യവസായവുമായിരുന്നു ജീവിതമാർഗങ്ങൾ. കയർ കമ്പനികൾ ബോണസ് കൊടുത്താൽ പിന്നെ ഓണമായി.
ആവശ്യമുള്ളതെല്ലാം വാങ്ങി, ആപ്പിസ് കയറുകൊണ്ട് വീടിനു മുന്നിലെ തെങ്ങുകളിൽ തട്ടൂഞ്ഞാലുകെട്ടി, പിന്നെയൊരു ആഘോഷമാണ്. കല്ലടയാറ്റിൽ അണകെട്ടിയതോടെ എക്കൽ വരവ് നിന്നു. ഉപ്പുവെള്ളംകയറി കൃഷിയും നശിച്ചു. കയർ വ്യവസായവും തകർന്നു.
സമയമൊട്ടുമില്ല, പൊയ്ക്കോട്ടെയെന്ന് ഒഴിഞ്ഞെങ്കിലും കുട്ടിക്കാലത്തെ ഓണക്കഥകൾ പറയാമോയെന്ന് ചോദിച്ചപ്പോൾ 74-കാരി ജലജയുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു. ‘ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് കുരവകൾ മുഴങ്ങും. അച്ഛനും അമ്മയും പാട്ടുപാടിത്തരും, ഞങ്ങൾ കുട്ടികൾ കുളിക്കും. സദ്യയൊരുക്കി ഉണ്ടുകഴിഞ്ഞാല് പിന്നെ കൂട്ടുകൂടി കളികളുടെ സമയമായി. അശകൊശലേ പെണ്ണുണ്ടോ…ന്ന് തുടങ്ങും. പിന്നെ തുമ്പികളി, കൈകൊട്ടിക്കളി, തിരുവാതിര, ഊഞ്ഞാലാട്ടം… ആൺകുട്ടികളൊക്കെ പുലികളിയും കരടികളിയും വിൽപ്പാട്ടുമൊക്കെയായി കറങ്ങിനടക്കും. ഇന്ന് സന്തോഷങ്ങളെല്ലാം നഷ്ടപ്പെട്ടു. ഓണമായല്ലോ കുട്ടികളേയെന്ന് ഓർമ്മിപ്പിച്ചാൽ ഞങ്ങൾക്ക് എന്നും ഓണമല്ലേ അമ്മമ്മേയെന്ന് മറുപടി. അവർക്ക് എന്നും ഓണമാണ്. മൊബൈലിലാണ് അവരുടെ ലോകം. ടി.വി.യും മൊബൈലും വരുന്നതിനുമുൻപായിരുന്നു ഓണവും അതിൻ്റെ സന്തോഷവും ഉണ്ടായിരുന്നത്.’ നെടു വീർപ്പുമിട്ട് ജലജ നടന്നകന്നു.
ഓണം എല്ലാ നാട്ടിൻപുറങ്ങളിലും ആഘോഷിച്ചിരുന്നതുപോലെതന്നെയായിരുന്നു മൺറോത്തുരുത്തിലും എങ്കിലും ചില വ്യത്യാസങ്ങളൊക്കെ ഉണ്ടായിരുന്നുതാനും. കല്ലടയാറ്റിലെ മലവെള്ളം മുടങ്ങാതെ എത്തിച്ചിരുന്ന എക്കലിൻ്റെ കടാക്ഷത്തിൽ കേരവൃക്ഷം അനുഗ്രഹം ചൊരിഞ്ഞിരുന്നു. യാത്രകൾ ക്ക് വള്ളങ്ങളായിരുന്നു ആശ്രയം..
അത്തപ്പൂവിനുള്ള പൂവിറുക്കാനുള്ള കറക്കവും വള്ളത്തിൽത്തന്നെ.
പരീക്ഷ കഴിഞ്ഞില്ലെങ്കിലും പൂക്കളമിടുന്നത് ഒഴിവാക്കാനാകില്ലല്ലോ. അഞ്ചാംക്ലാസുകാരി ശ്രീക്കുട്ടിയും കസിൻ നാലാംക്ലാസുകാരി ദിൽഷയും പൂവിറുക്കാനായി വള്ളക്കടവിലേക്ക് ഓടി. വേലികളിലെല്ലാം ചെമ്പരത്തിയും തെച്ചിയും മഞ്ഞക്കോളാമ്പിപ്പൂവും വസന്തം തീർത്തുകഴിഞ്ഞു. ഇടിയക്കടവുമുതൽ മണകടവുവരെയും ബോട്ട് സവാരി ബോർഡും പിടിച്ചുകൊണ്ട് സഞ്ചാരികളെ മാടിവിളിക്കുന്നവരുണ്ട്. സീസൺ അല്ലാത്തതിനാൽ വിദേശികളില്ലെങ്കിലും വടക്കുനിന്നുള്ള സഞ്ചാരികളും നാട്ടുകാരും ഒട്ടേറെ എത്തുന്നു. ഈവർഷവും തുരുത്തിൽ ഓണം കളർഫുളായിക്കഴിഞ്ഞു.
പുഴയിലെ ഓളവും ,തുരുത്തിലെ ഓണവും
