പുനലൂർ | നഗരത്തെ ഓണത്തിമിർപ്പിലാക്കി ഓണം ഫെസ്റ്റിന് ചൊവ്വാഴ്ച തുടക്കമാകും. നഗര സഭയുടെ മേൽനോട്ടത്തിലും തൃശ്ശൂരിൽനിന്നുള്ള ടീം ഫോർ സ്റ്റാറിന്റെ നേതൃത്വത്തിലും ചെമ്മന്തൂരിലെ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മേള അടുത്തമാസം 13 വരെ നീണ്ടുനിൽക്കും.
ഒട്ടേറെ കലാകാരന്മാരും കലാകാരികളും അരങ്ങത്തെത്തുന്ന കലാപ്രകടനങ്ങൾ, അമ്യൂസ്മെന്റ്റ് പാർക്ക്, ഫുഡ് കോർട്ട്, മരണക്കിണർ തുടങ്ങിയവ മേളയുടെ ആകർഷണങ്ങളാകും.
ചൊവ്വാഴ്ച വൈകീട്ട് നാലിന് നഗരത്തിൽ നടക്കുന്ന വിളംബര ഘോഷയാത്രയോടെയാണ് മേളയ്ക്ക് തുടക്കംകുറിക്കുക. തൃശ്ശൂരിൽ നിന്നെത്തുന്ന പുലികളാണ് മേളയുടെ ആകർഷണം. ഒപ്പം കാവടിയാട്ടവുമുണ്ടാകും.
ആറിന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി കെ.രാജൻ മേള ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, ചലച്ചിത്ര നടന്മാരായ ബിബിൻ ജോർജ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും. പി.എസ്.സുപാൽ എം .എൽ.എ. അധ്യക്ഷനാകും. നഗരസഭാധ്യക്ഷ കെ.പുഷ്പലത അടക്കമുള്ളവർ പങ്കെടുക്കും. 7.30-ന് നടക്കുന്ന ഗാനമേളയോടെ കലാ പരിപാടികൾക്ക് തുടക്കമാകും.
കർണാടകയിലെ ഹംപി ക്ഷത്രത്തിൻ്റെ മാതൃകയിൽ നിർമിക്കുന്ന കവാടമാണ് ഫെസ്റ്റ് നഗരയിലെ പ്രത്യേകത. ഇതിൻ്റെ നിർമാണം ദ്രുതഗതയിൽ നടന്നുവരികയാണ്. 15 ലക്ഷത്തോളം രൂപ ചെലവിൽ 36 അടി ഉയരത്തിലാണ് കവാടം ഉയരുന്നത്.
പുനലൂരിൽ ഓണം ഫെസ്റ്റിന് ഇന്നു തുടക്കം
