കൊല്ലം | ഓണമാകുന്നു, ഇടവിട്ട് മഴയുമുണ്ട്. മുളങ്കാടകം ഗവ. സ്കൂൾ പരിസരം, ശ്മശാനം, മുതിരപ്പറമ്പ് ജുമാമസ്‌ജിദ് പരിസരം എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് കുറേ ദിവസങ്ങളായി സ്വസ്ഥതയില്ല.
നേരംപുലർന്നാൽ റോഡിലും ഭിത്തിയിലുമെല്ലാം ആഫ്രിക്കൻ ഒച്ചുകളാണ്. അറിയാതെങ്ങാനും
ചവിട്ടിയാൽ അലർജിയടക്കം രോഗങ്ങൾ വരുമെന്ന പേടിയാണ്. ഭിത്തികളിലും മരങ്ങളിലും കുറ്റിച്ചെടികളിലുമെല്ലാം ആഫ്രിക്കൻ ഒച്ച് പറ്റിപ്പിടിച്ചിരിക്കുന്നതുകാണാം. പുറംതോടിൽനിന്നു തല വെളിയിലേക്കിട്ട രീതിയിലാണ് ഇവ സഞ്ചരിക്കുന്നത്.
പള്ളിയുടെ മതിലിന്റെ എല്ലാ വശത്തും ഒച്ചുശല്യമുണ്ട്. ദിവസവും അഞ്ഞൂറിലേറെ ഒച്ചുകളെ നശിപ്പിക്കേണ്ടിവരുന്നതായി മുതിരപ്പറമ്പ് ജുമാമസ്‌ജിദ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഷെരിഫ് പാറയ്ക്കൽ പറഞ്ഞു.
സമീപം താമസിക്കുന്ന മണലിൽ പടിഞ്ഞാറ്റതിൽ നസീർ, മുതിരപ്പറമ്പ് മസ്‌ജിദിനു പിൻവശത്തെ റഹ്മാൻ എന്നിവരുടെ വിടുകളിലും ഒച്ചിന്റെ ശല്യമുണ്ട്. നാട്ടുകാർക്ക് ഇത്രയേറെ ബുദ്ധിമുട്ടുണ്ടായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതിയുണ്ട്.
ഒച്ചിൻ്റെ പുറം തോടിനു മുകളിലൂടെ ഉപ്പു വെള്ളം തളിക്കുകയാണ് നശിപ്പിക്കാൻ പ്രധാന മാർഗം. ബ്ലീച്ചിങ് പൗഡർ, കുമ്മായം തുടങ്ങിയവയും ഉപയോഗിക്കാറുണ്ടെങ്കിലും ചെലവ് കുറവായതിനാൽ ഉപ്പുവെള്ളം ഒഴിക്കുന്നതാണ് ഉത്തമമെന്ന് കൃഷിവകുപ്പ് അധികൃതർ പറയുന്നു.
ഓ… ഒരു രക്ഷയുമില്ല… ഈ ഒച്ചിന്റെ കാര്യത്തിൽ
