ഓച്ചിറ |ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 28-ാം ഓണത്തോടനുബന്ധിച്ചുള്ള കെട്ടുത്സവത്തിന് ദിവസങ്ങൾമാത്രം ശേഷിക്കെ ഓണാട്ടുകര ഉത്സവ ലഹരിയിൽ. 12-നാണ് പടനിലത്ത് കാളകെട്ടുത്സവം. കാർത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി താലൂക്കുകളിലെ 52 കരകളിലും കെട്ടുകാള കളുടെ നിർമാണം അവസാനഘട്ടത്തിലാണ്. 160 കാളകെട്ടുസമിതികൾ ക്ഷേത്രത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തു. ഇതിനു പുറമേ ചെറിയ കെട്ടു കാളകളും നേർച്ച കെട്ടുകാളകളും ഉണ്ടാകും. ഭജന, കുത്തിയോട്ടവും ചുവടും, നാടൻപാട്ട്, സമ്മേളനങ്ങൾ, അന്നദാനം, ക്ഷേത്രകലകൾ തുടങ്ങിയവയാൽ ഓരോ കാളമൂടും ആഘോഷത്തിമിർപ്പിലാണ്. പ്രധാന ചടങ്ങായ നന്ദികേശന്റെ ശിരസ്സ് ഉറപ്പിക്കലിനുള്ള ഒരുക്കങ്ങൾ കര
കളിൽ പൂർത്തിയായിവരുന്നു. വ്രതശുദ്ധിയിൽ,പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെയാണ്നന്ദികേശന്റെ ശിരസ്സറപ്പിക്കൽ ചടങ്ങ് നടക്കുക.
ജില്ലാ ഭരണകൂടം, പോലീസ്, ക്ഷേത്രഭര ണസമിതി, പ്രധാന വകുപ്പ് ഉദ്യോഗസ്ഥൻ, കാള കെട്ടുസമിതി ഭാരവാഹികൾ തുടങ്ങിയവരുടെ യോഗം വിളിച്ചുചേർത്ത് വേണ്ട നിർദേശങ്ങൽ നൽകിയിട്ടുണ്ട്. ക്ഷേത്രഭരണസമിതി ഭാരവാഹികൾ ഓരോ കാളമൂട്ടിലും എത്തി കെട്ടുകാളകളുടെ വലുപ്പമനുസരിച്ച് നമ്പർ മുൻകൂട്ടി നൽകും. അതിൻപ്രകാരമാണ് കെട്ടുകാളകൾ പടനിലത്തു നിരക്കേണ്ടത്. വലിയ കെട്ടുകാളകൾ നേരത്തേ എത്തി പടനിലത്തിൻ്റെ കവാടത്തിൽ മണിക്കൂറുകളോളം കുരുങ്ങി, മറ്റു കെട്ടുകാളകൾക്ക് അകത്തേക്കു പ്രവേശിക്കാനാകാത്ത സാഹചര്യം മുൻ വർഷങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തവണ അതൊഴിവാക്കാനുള്ള സംവിധാനം പോലീസ് സജ്ജികരിക്കും. ഡി.ജെ.സെറ്റുകൾ, പാർട്ടി പോപ്പുകൾ എന്നിവ കർശനമായി തടയും. പടനിലത്തും. ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളിലും സി.സി. ടി.വി.ക്യാമറകൾ സ്ഥാപിക്കുമെന്ന് ക്ഷേത്രഭരണ സമിതി സെക്രട്ടറി കെ.ഗോപിനാഥൻ, ട്രഷറർ പ്രകാശൻ വലിയഴിക്കൽ, കാര്യനിർവഹണസമിതി അംഗം കെ.പി.ചന്ദ്രൻ എന്നിവർ അറിയിച്ചു.
ഓച്ചിറ കെട്ടുത്സവം ഉത്സവലഹരിയിൽ ഓണാട്ടുകര
