പത്തനാപുരം | തലവൂർ കുരാ മുരുകവിലാസത്തിൽ സന്തോഷ്കുമാറിന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള സ്വന്തമായൊരു വീടെന്ന സ്വപ്നം സഫലമായി. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നേതൃത്വം നൽകുന്ന ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മാതൃഭൂമിയുമായി ചേർന്ന് നടപ്പാക്കുന്ന ‘എന്റെ വീട്’ പദ്ധതിയിലൂടെയാണ് കുടുംബത്തിന് വടക്കോട് വാർഡിൽ വീട് നിർമിച്ചു നൽകിയത്.
കുരായിലെ തകർന്നുവീഴാറായ വിട്ടിലായിരുന്നു സന്തോഷ്കുമാറും ഭാര്യ സൂര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. സന്തോഷ്‌കുമാർ കുടുംബത്തിന് സ്വന്തമായി നല്ലൊരു വീടെന്നത് സ്വപ്നം മാത്രമായിരുന്നു.
വീടിനായി നടത്തിയ ശ്രമങ്ങളൊന്നും ഫലം കാണാതെ വന്നതോടെയാണ് എൻ്റെ വീട് പദ്ധതിയെക്കുറിച്ച് അറിയുന്നതും അപേക്ഷിച്ചതും. പൊതു പ്രവർത്തകനായ ദിൽജു പി. മോഹൻ ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തു. വീടിൻ്റെ നിർമാണം നടക്കുന്ന സമയത്ത് സന്തോഷ്‌കുമാർ മരിച്ചതോടെ കുടുംബത്തിൻ്റെ ഉത്തരവാദിത്വം ഭാര്യ സൂര്യയുടെ ചുമലിലായി. പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്ത് സുരക്ഷിതമായി താമസിക്കാൻ വീട് ലഭിച്ച സന്തോഷത്തിലാണ് കുടുംബമിപ്പോൾ.
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ കുരികേശ് മാത്യു വീടിന്റെ താക്കോൽദാനം നിർവഹിച്ചു. സ്വന്തമായൊരു വീടാണ് ഏതൊരു മനുഷ്യന്റെയും സ്വപ്നമെന്ന് തിരിച്ചറിഞ്ഞ് മുന്നിട്ടിറങ്ങിയ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെയും മാതൃഭൂമിയുടെയും ഉദ്യമം മനുഷ്യത്വത്തിന് മകുടോദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതു പ്രവർത്തകൻ ദിൽജു പി.മോഹൻ അധ്യക്ഷത വഹിച്ചു. മാതൃഭൂമി സീനിയർ റീജണൽ മാ നേജർ എൻ.എസ്.വിനോദ്‌കുമാർ, ന്യൂസ് എഡിറ്റർ പി.വി. ജ്യോതി, സർക്കുലേഷൻ മാനേജർ ബിജു അപ്പുക്കുട്ടൻ, മാതൃഭൂമി ഏജന്റുമാരായ വർഗീ സ്. മുരുകകുമാർ, പൊതുപ്രവർത്തകരായ മോൻസി ദാസ്, ബിനോയ് പി.മോഹൻ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിപ്രകാരം ജില്ലയിൽ നിർമിച്ച 68- മത്തെ വീടിന്റെ താക്കോൽദാനമാണ് നടന്നത്.
സന്തോഷ്‌കുമാറിൻ്റെ കുടുംബത്തിന് കിടപ്പാടമൊരുക്കി ‘എന്റെ വീട്’
