അപകടഭീഷണി ഉയർത്തി മൺറോതുരുത്ത് എസ് വളവ് – ജയന്തി കോളനി – നീറ്റും തുരുത്ത് റോഡും പാലവും.

Published:

മൺറോതുരുത്ത് | അപകടഭീഷണി ഉയർത്തി എസ് വളവ് – ജയന്തി കോളനി – നീറ്റും തുരുത്ത് റോഡും പാലവും. കായൽ ഓളങ്ങളിൽ മണ്ണ് ഒലിച്ചു കൽക്കെട്ട് ഇളകിയതോടെ റോഡും പാലവും തകർന്ന നിലയിലായി. പാലം മുതൽ കോളനി വരെയുള്ള റോഡ് പൂർണമായും പൊളിഞ്ഞ്
സ്റ്റാബുകൾ പാകിയത് പോലെ കിടക്കുകയാണ്. പാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡുമായി ചേരുന്ന ഭാഗം ഇടിഞ്ഞ് താഴ്ന്നു.
എസ് വളവിൽ എത്തുന്ന സഞ്ചാരികൾ വള്ളങ്ങളിൽ കയറുന്നത് ഈ റോഡിൽ നിന്നാണ്. വേലിയേറ്റ സമയങ്ങളിൽ റോഡ് മുങ്ങുന്നതിനാൽ നടന്നുപോകാൻ കഴിയില്ല. ആറ്റിലെ ഉപ്പുവെള്ളം കാരണം പാലത്തിന്റെ അടി ഭാഗം മുഴുവൻ ദ്രവിച്ച് ഇളകിയ നിലയിലാണ്. കായൽ സവാരിക്ക് എത്തുന്ന വിനോദ സഞ്ചാരികൾ കല്ലട ആറ്റിൽ നിന്ന് ഇടത്തോടു കളിലേക്കു കയറുന്നതും ഈ പാലത്തിന്റെ അടിയിലൂടെയാണ്. കോൺക്രീറ്റ് പാളികൾ ഇളകി വളളത്തിൽ പോകുന്നവരുടെ ദേഹത്ത് വീഴാൻ സാധ്യതയേറെ യാണ്. വിദേശികൾ ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികളാണ്. ഇവിടെ എത്തുന്നത്. തുരുത്തിലെ പ്രധാന ആകർഷണമായ കണ്ടൽ ആർച്ച് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.
2011ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 29.5 ലക്ഷം രൂപ ചെലവിൽ പാലം വരെയും 2016ൽ 10 ലക്ഷം രൂപയ്ക്കു ജയന്തി
കോളനി വരെയുമായി രണ്ടു ഘട്ടങ്ങൾ ആയിട്ടായിരുന്നു റോഡിന്റെ നിർമാണം. രണ്ടാം ഘട്ട നിർമാണത്തിലെ അപാകതയെ തുടർന്നാണ് റോഡ് അപകടാവസ്ഥയിൽ ആയത്. രണ്ടാംഘട്ട നിർമാണം നീറ്റു തുരുത്ത് വരെ ആയിരുന്നെങ്കിലും കോളനിയുടെ സമീപത്ത് വരെ മാത്രമാണ് നിർമാണം പൂർത്തിയാക്കിയതു.
വിനോദസഞ്ചാരികളെ മൺറോത്തുരുത്തിലേക്ക് ആകർഷിക്കാൻ വിപുലമായ ഫെസ്റ്റ് ഉൾപ്പെടെയുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാൽ എസ് വളവ് – നീറ്റുംതുരുത്ത് റോഡിന്റെ ശോചനീയാവസ്ഥ ഇതിന് കല്ലുകടിയാകും റോഡ് നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related articles

Recent articles

spot_img