പുനലൂർ | ഐക്കരക്കോണം– പുനലൂർ റോഡിൽ ഇടിച്ചിട്ട ടിപ്പർലോറി ബൈക്ക് യാത്രക്കാരന്റെ ഇരുകാലുകളിലൂടെയും കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നിക്കോട് ആസിഫ് മൻസിലിൽ ആസിഫിന്റെ(25) കാലിലൂടെയാണ് ടിപ്പർലോറി കയറിയിറങ്ങിയത്.
ടിബി ജംക്‌ഷൻ–ഐക്കരക്കോണം റോഡിൽ പാണങ്ങാട് ഭാഗത്താണ് അപകടം നടന്നത്. സ്വകാര്യ കമ്പനിയിലെ ഡെലിവറി ബോയ് ആയ ആസിഫ് ബൈക്കിൽ സാധനങ്ങൾ വിതരണം ചെയ്യാനായി ഈ ഭാഗത്തേക്ക് എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഐക്കരക്കോണത്ത് നിന്ന് ഹരിപ്പാട്ടേക്ക് മണ്ണുകയറ്റി വന്നതായിരുന്നു ടിപ്പർ. ടിപ്പർ ബൈക്കിൽ ഇടിച്ചപ്പോൾ ആസിഫ് ടിപ്പറിന്റെ അടിയിലേക്കു വീണതോടെ വീലുകൾ കാലുകളിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇരുകാലുകളുടെയും പരുക്ക് ഗുരുതരമാണ്.അപകടസമയത്ത് നിർത്താതെ പോയ ടിപ്പറിന്റെ ഡ്രൈവർ മാവേലിക്കര സ്വദേശി അനന്തു എസ്.മോഹൻ പിന്നീട് ടിപ്പർ ലോറിയുമായി പുനലൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായി.
