കൊല്ലം | കല്ലുവാതുക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ അമ്മയ്ക്ക് പത്തുവർഷം കഠിനതടവും 50,000 രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവനുഭവിക്കണം. കല്ലുവാതുക്കൽ ഈഴായ്യോട് പേഴുവിളവീട്ടിൽ രേഷ്മ(25)യെയാണ് കൊല്ലം ഫസ്റ്റ് അഡിഷണൽ ജഡ്ജ് പി .എൻ.വിനോദ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 പാർട്ട് രണ്ട് പ്രകാരം നരഹത്യക്കുറ്റവും ബാലനിതിനിയമത്തിലെ 75-ാം വകുപ്പുപ്രകാരം കുട്ടികളോടു കാണിക്കുന്ന ക്രൂരതകുറ്റവുമാണ് പ്രതിക്കെതിരേ തെളിഞ്ഞത്. നരഹത്യക്ക് പത്തുവർഷത്തെ കഠിനതടവും ബാലനിതിനിയമപ്രകാരം ഒരുവർഷത്തെ കഠിനതടവുമാണ് ശിക്ഷ. രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതി. നേരത്തേ ജയിലിൽ കിടന്ന കാലയളവും ഇളവായി ലഭിക്കും.രേഷ്മയെ ജയിലിലേക്കയച്ചു. 2021 ജനുവരി അഞ്ചിന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ജനിച്ച് അധിക സമയമാകാത്ത ആൺകുഞ്ഞിനെ പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത നിലയിൽ, പ്രതിയായ രേഷ്മയുടെ വീടിൻ പുറകിലെ റബ്ബർതോട്ടത്തിലെ കരിയിലക്കൂട്ടത്തിൽ കണ്ടെത്തുകയായിരുന്നു. അവശനിലയിലായ കുഞ്ഞിനെ കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം എസ്.എ.ടി. യിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുഞ്ഞ് ആരുടേതാണെന്ന അന്വേഷണമായി പിന്നെ. പ്രത്യേക ടീമിനെയും രുപവത്കരിച്ചു. പരിസരത്തെ 21 പേരുടെ രക്തസാമ്പിൾ എടുത്ത് ഡി.എൻ.എ. പരിശോധന നടത്തി. പരിശോധനാ ഫലം വന്നപ്പോഴാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് അറിയുന്നത്. ഫെയ്‌സ്ബുക്ക് ചാറ്റിലൂടെ പരിചയപ്പെട്ട അനന്തു എന്ന കാമുകൻ ഇനിയൊരു കുട്ടിയുണ്ടെങ്കിൽ തന്നെ സ്വീകരിക്കില്ലെന്ന് പറഞ്ഞതുകൊണ്ടാണ് ഗർഭിണിയായ വിവരം മറച്ചു വെച്ചതെന്നും രേഷ്മ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
ഇല്ലാത്ത ‘കാമുകനു’ വേണ്ടി ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചുകൊന്ന കേസിൽ അമ്മയ്ക്ക് 10 വർഷംകഠിന തടവ്
