എഴുകോൺ | കരിപ്ര പഞ്ചായത്തിലെ കരീപ്ര മിനി ജങ്ഷൻ -ശരണാലയം പാത തകർന്നിട്ട് വർഷങ്ങൾ.
നാട്ടുകാർ നിവേദനവും പരാതിയും നൽകി മടുത്തെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
രണ്ട് നഗറുകളിലെ താമസക്കാരടക്കം 350-ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന പാതയാണിത്. കരിച്ച ശരണാലയത്തിലേക്കുള്ള യാത്രികരും ആശ്രയിക്കുന്നത് ഈ പാതയാണ്. ശരണാലയത്തിലെ അന്തേവാസികളെ ആശുപത്രിയിലോ മറ്റോ കൊണ്ടുപോകേണ്ടതും ഈ വഴിയിലൂടെയാണ്.
മിനി ജങ്ഷൻമുതലുള്ള ഒരു കിലോമീറ്ററോളം ഭാഗത്തെ കരിങ്കൽച്ചീളുകൾ ഇളകിക്കിടക്കുകയാണ്. ഇരുചക്രവാഹനയാത്രികരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
പരാതികളുടെ അടിസ്ഥാനത്തിൽ 2015-ൽ റോഡ് നവീകരി ച്ചെങ്കിലും മാസങ്ങൾക്കകം പഴയ സ്ഥിതിയിലായി. മഴപെയ്താൽ,
ഏറെ ശക്തിയിലാണ് പാതയുടെ മധ്യഭാഗത്തുകൂടി ഒഴുകുന്നത്. ഈ ഭാഗം ടാർ ചെയ്താൽ പെട്ടെന്നു തകർന്നുപോകുമെന്നാണ് നാട്ടുകാർ പറയുന്നത്.
പാത നവീകരിക്കുമ്പോൾ മിനി ജങ്ഷൻമുതൽ തോട് ഭാഗംവരെ കോൺക്രീറ്റ് ചെയ്യണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.
പാതയുടെ കുത്തനെയുള്ള കയറ്റം കുറച്ച്, മുകളിൽനിന്നു വരുന്ന വെള്ളം പാതയുടെ ഇരു വശങ്ങളിലേക്കും ഒഴുകിപ്പോകത്തക്കവിധം നവീകരണപദ്ധതി തയ്യാറാക്കണമെന്നു കാട്ടി പ്രദേശവാസികൾ പഞ്ചായത്ത് പ്രസിഡന്റിനും എ.ഇ.ക്കും നിവേദനം നൽകി.
കരിപ്ര ചന്തയുടെ മുകൾഭാഗത്തുനിന്ന് ഒലിച്ചുവരുന്ന വെള്ളം
പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ജനത്തിൻ്റെ തീരുമാനം.
ജനത്തെ വലച്ച് മിനി ജങ്ഷൻ -ശരണാലയം പാത
