മാവേലിക്കര മണ്ഡലം: പ്രചാരണം കളർഫുൾ; സ്വീകരണം തുടങ്ങി.

Published:

കൊട്ടാരക്കര  |  സ്ഥാനാർഥികളുടെ സ്വീകരണപരിപാടികൾ ആരംഭിച്ചതോടെ കൊട്ടാരക്കരയിൽ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു നിറമേറി. കണിക്കൊന്നയും വർണമാലകളും ഫലവർഗങ്ങളുമൊക്കെയായി സ്വീകരണം കളർഫുളാണ്‌.

യു.ഡി.എഫ്. സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ ഒന്നാംഘട്ട സ്വീകരണപര്യടനം വെട്ടിക്കവല, മേലില പഞ്ചായത്തുകളിൽ നടന്നു. ഇടതുമുന്നണി സ്ഥാനാർഥി സി.എ.അരുൺകുമാറും ഒന്നാംഘട്ട സ്വീകരണം നടത്തി.

എൻ.ഡി.എ. സ്ഥാനാർഥി ബൈജു കലാശാലയുടെ സ്വീകരണം ഒൻപതിനു നടക്കും. നാമനിർദേശപത്രിക സമർപ്പിച്ച യു.ഡി.എഫ്. സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് കോഫി വിത്ത് കൊടിക്കുന്നിൽ പരിപാടിയിലൂടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി സംവദിച്ചു. ഓൺലൈൻ റോഡ് ഷോയുടെ തുടർച്ചയായാണ്‌ കോഫി വിത്ത്‌ കൊടിക്കുന്നിൽ പരിപാടി നടത്തിയത്.

മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക്‌ മറുപടി നൽകിയ സ്ഥാനാർഥി വികസനകാഴ്ചപ്പാടുകളും വിശദീകരിച്ചു.

കെ-റെയിൽ സമരത്തിൽ പങ്കെടുത്തവർ, കശുവണ്ടിത്തൊഴിലാളികൾ, കലാ-കായിക-വിദ്യാഭ്യാസ മേഖലകളിലെ പ്രതിനിധികൾ, സാമൂഹികപ്രവർത്തകർ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. മേലില, വെട്ടിക്കവല പഞ്ചായത്തുകളിൽ നടത്തിയ സ്വീകരണപര്യടനം ആവേശമായി.

കരീപ്ര, എഴുകോൺ വെസ്റ്റ്, തൃക്കണ്ണമംഗലം, തേവലപ്പുറ മേഖലകളിലാണ് എൽ.ഡി.എഫ്. സ്ഥാനാർഥി അരുൺകുമാറിന്റെ സ്വീകരണപര്യടനം നടന്നത്. വെളിയം പടിഞ്ഞാറ്റിൻകരയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനംചെയ്ത പര്യടനം മാവടിയിൽ സമാപിച്ചു.

സമാപനസമ്മേളനം മന്മഥൻ നായർ ഉദ്ഘാടനം ചെയ്തു. കണിക്കൊന്നയും പൂക്കളും ഫലവർഗങ്ങളും നൽകിയാണ് സ്ഥാനാർഥിയെ നാട്ടുകാർ സ്വീകരിച്ചത്. വാദ്യമേളങ്ങളും താലപ്പൊലിയും കൈകൊട്ടിക്കളി ഉൾപ്പെടെ കലാരൂപങ്ങളും അരങ്ങേറി.

എൻ.ഡി.എ. സ്ഥാനാർഥി ബൈജു കലാശാല കഴിഞ്ഞ ദിവസം നാമനിർദേശപത്രിക സമർപ്പിച്ചു. മുന്നണിയുടെ കൊട്ടാരക്കര മണ്ഡലം കൺവെൻഷൻ ഞായറാഴ്ച നടത്തും.

ഒൻപത്, 16 തീയതികളിൽ കൊട്ടാരക്കര മണ്ഡലത്തിൽ സ്ഥാനാർഥിയുടെ സ്വീകരണപര്യടനം നടത്തും. കുടുംബയോഗങ്ങളും സ്ക്വാഡ് പ്രവർത്തനവും ആരംഭിച്ചതായി നേതാക്കൾ പറയുന്നു.

Related articles

Recent articles

spot_img