പുനലൂർ | നവോത്ഥാന നായകനും നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്.) സ്ഥാപകനുമായ മന്നത്ത് പദ്‌മനാഭന്റെയും രാഷ്ടീയാചാര്യനും ആറു പതിറ്റാണ്ടിലേറെ പത്തനാപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ നായകനുമായിരുന്ന മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെയും വെങ്കലപ്രതിമകൾ പുനലൂരിൽ ഉയരും. യൂണിയന്റെ നേതൃത്വത്തിൽ പ്രതിമകൾ നിർമിക്കാൻ തീരുമാനമായി. പുനലൂരിലെ യൂണിയൻ ആസ്ഥാനത്തു ചേർന്ന കരയോഗം ഭാരവാഹികളുടെ നേതൃയോഗം ഈ പദ്ധതിക്ക് അംഗീകാരം നൽകി. പുനലൂരിലെ ആസ്ഥാന മന്ദിരത്തോടു ചേർന്ന് കല്ലടയാറിൻ്റെ തീരത്തായി 12 അടി ഉയരത്തിൽ പൂർണകായ പ്രതിമകൾ നിർമിക്കാനാണ് തീരുമാനം.
80 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി യൂണിയനിലെ കരയോഗാംഗങ്ങളിൽ നിന്നും എൻ.എസ്.എസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളിൽ നിന്നും പണം സ്വരൂപിക്കും. ഇതിനുവേണ്ടി 146 കരയോഗങ്ങളുടെയും വനിതാസമാജങ്ങളുടെയും
സ്വയംസഹായസംഘങ്ങളുടെയും സംയുക്തയോഗം വിളിച്ചു ചേർക്കാനും സംഭാവന സമാഹമിക്കാനും തീരുമാനിച്ചു. എൻ.എസ്.എസ്.ഡയറക്ടറും പത്തനാപുരം യൂണിയൻ പ്രസിഡൻ്റുമായ കെ.ബി.ഗണേഷ്‌കുമാർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജെ.രാധാക ഷ്ണപിള്ള അധ്യക്ഷനായി. സെക്രട്ടറി ജി.അനിൽകുമാർ പ്രതിമനിർമാണ പദ്ധതിരേഖ അവതരിപ്പിച്ചു. പ്രതിനിധിസഭാംഗം അറയ്ക്കൽ ബാലകൃഷ്ണപിള്ള, വനിതാ യൂണിയൻ പ്രസിഡൻറ് എസ്.വിജയകുമാരി, ഇൻസ്പെക്ടർ ആർ.മനോജ്, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
മന്നവും ബാലകൃഷ്ണപിള്ളയും വെങ്കലപ്രതിമയിൽ പുനർജനിക്കും
