കൊട്ടിയം | റോഡേത് കുഴിയേത് എന്നറിയാനാകാത്ത അവസ്ഥയിലാണ് മണ്ണാണിക്കുളം സ്വദേശികൾ. മഴപെയ്താൽ ചെളിവെള്ളം റോഡിലെ കുഴികൾ നിറഞ്ഞൊഴുകുന്നതുകാരണം നിരവധിപേരാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു.
മയ്യനാട്-തട്ടാമല റോഡിലെ വെൺപാലക്കര ശാരദാവിലാസിനി വായനശാലയ്ക്കു സമീപത്തുനിന്ന് ആരംഭിച്ച് മണ്ണാണിക്കുളം ക്ഷേത്രംവരെയെത്തുന്ന ഭാഗം നാട്ടുകാർക്ക് ഭീഷണിയായിട്ടു നാളേറെയായി.പഞ്ചായത്ത് അംഗങ്ങൾമുതലുള്ള ജനപ്രതിനിധികൾക്കും ബന്ധപ്പെട്ട അധികൃതർക്കും ഒട്ടേറെ പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ല.
ഏറെ ജനസാന്ദ്രതയുള്ള ഭാഗത്തുകൂടിയാണ് മയ്യനാട് പഞ്ചായത്തിലെ റോഡ് കടന്നുപോകുന്നത്. റോഡ് മണ്ണാണിക്കുളം ക്ഷേത്രത്തിനടുത്തെത്തി മൂന്നുദിക്കിലേക്ക് പിരിയുകയാണ്. ദേശീയപാതയിൽ മേവറത്തേക്കും കിഴക്കേ പടനിലംവഴി ഉമയനല്ലൂരിലേക്കും പീഠികമുക്കുവഴി മയ്യനാട്ടേക്കും എത്തുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്രപോലും അസാധ്യമായനിലയിലുള്ളത്.
പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഓടകൾ നിർമിച്ച് റോഡ് പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
