കൊല്ലം | ഇറാൻ തടവിലാക്കിയിരുന്ന മലയാളി മത്സ്യതൊഴിലാളികൾ ജയിൽ മോചിതരായി. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ 5 പേരും ഒരു പരവൂർ സ്വദേശിയും രണ്ട് തമിഴ്നാട് സ്വദേശികളുമാണ് മോചിതരായത്.
ഇവർക്കൊപ്പം തടവിൽ കഴിഞ്ഞിരുന്ന മറ്റൊരു പരവൂർ സ്വദേശിയുടേയും ഒരു തമിഴ് നാട് സ്വദേശിയുടെയും മോചനം നീളുന്നു.
അഞ്ചുതെങ്ങ് മാമ്പള്ളിയിലെ മത്സ്യതൊഴിലാളി കുടുംബങ്ങൾ ഉറ്റവരെ കണ്ണീരോടെ കാത്തിരിക്കുന്ന വിവരം മാധ്യമങ്ങളാണ് അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് . പിന്നാലെ കേന്ദ്ര മന്ത്രി വി.മുരളീധരൻ വിഷയത്തിൽ ഇടപെടുകയും , ഇന്ത്യൻ എംബസി വഴി മോചനത്തിനുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്തു. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ
സാജു ജോർജ്, ആരോഗ്യരാജ്, ഡിക്സൺ, ഡെന്നീസൺ പൗലോസ്, സ്റ്റാലിൻ വാഷിങ്ടൺ, ഒപ്പം കൊല്ലം പരവൂർ സ്വദേശിയും കഴിഞ്ഞ ദിവസം ജയിൽ മോചിതരായി. മോചിതരായവർ ഇറാനിൽ തന്നെ തുടരുകയാണ്. യാത്ര രേഖകൾ ശരിയായാൽ പത്ത് ദിവസത്തിനുള്ളിൽ ഇവർ അജ്മാനിലെത്തുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇവർക്കൊപ്പം തടവിൽ കഴിഞ്ഞിരുന്ന മറ്റൊരു പരവൂർ സ്വദേശിയുടേയും ഒരു തമിഴ് നാട് സ്വദേശിയുടെയും മോചനം നീളുന്നു. വ്യക്തിവിവര രേഖകളിലെ പിഴവാണ് കാരണമെന്ന് വിശദീകരണം.
അവരെയും ഉടൻ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ എംബസി.യുഎഇയിലെ അജ്മാനിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ സംഘം സമുദ്രാതിർത്തി ലംഘിച്ചതിന് ജൂൺ 18നാണ് ഇറാൻ്റെ പിടിയിലാകുന്നത്.
