കൊല്ലം | ചട്ടമ്പിസ്വാമി സർവ ജീവജാലങ്ങളെയും സ്നേഹിച്ച ജീവകാരുണ്യത്തിൻ്റെ മഹാഗുരുവെന്ന് സ്വാമി വേദാമൃതാനന്ദപുരി. ചട്ടമ്പിസ്വാമി, ശ്രീനാ രായണഗുരു തുടങ്ങിയ നവോത്ഥാന നായകരുടെ കൃതികൾ എല്ലാവരും പഠനവിഷയമാക്ക ണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചട്ടമ്പിസ്വാമിജയന്തിയുടെയും ജീവകാരുണ്യദിനാചരണത്തിന്റെയും ഭാഗമായി പന്മന ആശ്രമത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിനു തുടക്കംകുറിച്ച് സ്വാമി കൃഷ്ണമയാനന്ദ തീർഥ പാദരും സ്വാമി നിത്യസ്വരൂപാനന്ദയും ചേർന്ന് ദീപപ്രകാശനം നിർവഹിച്ചു. ശാസ്താംകോട്ട എം.വി.അരവിന്ദാക്ഷൻ നായർ രചിച്ച ‘ചട്ടമ്പിസ്വാമി തിരുവടികൾ’ എന്ന കൃതിയുടെ പ്രകാശനം സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ, ഡോ. കെ.അമ്പാടിക്ക് നൽകി നിർവഹിച്ചു.
തുടർന്ന് ലളിതാസഹസ്രനാമം എന്ന വിഷയത്തിൽ നടന്ന സത്സംഗത്തിൽ സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ പ്രഭാഷണം നടത്തി. ഡോ. കാര്യമാത്ര വിജയൻ തന്ത്രി സമാധിക്ഷേത്രത്തിലെ പൂജകൾക്ക് നേതൃത്വം നൽകി.
സ്വാമി നിത്യസ്വരൂപാനന്ദയുടെ മുഖ്യകാർമികത്വത്തിൽ ദിപക്കാഴ്ച,പുഷ്പാഭിഷേകം തുടങ്ങിയവ നടന്നു. പരിപാടിയിൽ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. കോലത്ത് വേണുഗോപാൽ, അരുൺ അരവിന്ദ് എന്നിവർ പ്രസംഗിച്ചു.
പന്മന ആശ്രമം പ്രസിഡൻ്റ കുമ്പളത്ത് വിജയകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എ.ആർ.ഗിരീഷ്‌കുമാർ, മഹാഗുരുവർഷം കോഡിനേറ്റർ ജി.ബാലചന്ദ്രൻ, കെ.ജി.ശ്രീകുമാർ, സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.
ചട്ടമ്പിസ്വാമി ജീവകാരുണ്യത്തിന്റെ മഹാഗുരു -സ്വാമി വേദനന്ദാമൃതപുരി
