കൊല്ലം | മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയെ മുൻവൈരാഗ്യം മൂലം കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളായ 3 പേർക്കു ജീവപര്യന്തം കഠിനതടവ്. 75,000 രൂപ വീതം പിഴയുമുണ്ട്. ഒന്നാം പ്രതിയുടെ ഭാര്യാപിതാവിനെ 3 വർഷം കഠിനതടവിനും ശിക്ഷിച്ചു. 25,000 രൂപ പിഴയൊടുക്കാനും കൊല്ലം മൂന്നാം അഡീഷനൽ സെഷൻസ് ജഡ്ജി ഉഷ നായർ ഉത്തരവിട്ടു.
കരുനാഗപ്പള്ളി കുലശേഖരപുരം നീലികുളം വയ്യാവീട്ടിൽ ഷീലയെ (52) കൊലപ്പെടുത്തിയതിനും മകൻ അനീഷ്കുമാറിനെ (26) കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് ആദ്യ മൂന്നു പ്രതികളും സഹോദരങ്ങളുമായ കുലശേഖരപുരം നീലികുളം ചെമ്പഞ്ചേരിൽ തറയിൽ വീട്ടിൽ അനിൽകുമാർ (51), അനിരുദ്ധൻ (48), ഓച്ചിറ ചങ്ങൻകുളങ്ങര ചിത്തിരയിൽ ഹരിസുതൻ (53) എന്നിവർക്കു ജീവപര്യന്തം കഠിന തടവും 50000 രൂപ വീതം പിഴയും വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കണം. അനിൽകുമാറിന്റെ ഭാര്യാപിതാവും നാലാം പ്രതിയുമായ ഹരിപ്പാട് മുട്ടം ഇഞ്ചക്കോട്ടയിൽ ശിവൻകുട്ടിക്ക് (62) ആണ് 3 വർഷം കഠിനതടവ്. അനീഷ്കുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഒന്നു മുതൽ 3 വരെ പ്രതികൾ 6 വർഷം വീതം കഠിനതടവും അനുഭവിക്കണം. 25000 രൂപ വീതം പിഴയും ഒടുക്കണം. വീട്ടമ്മയെ കാർ ഇടിച്ചു വീഴ്ത്തുന്നതിനു മുൻപു സൈക്കിൾ യാത്രക്കാരനെ ഇടിച്ച കേസിൽ 6 മാസം തടവും ശിക്ഷ വിധിച്ചു.
കരുനാഗപ്പള്ളി പുതിയകാവിൽ 2014 ഡിസംബർ 11നായിരുന്നു സംഭവം. പനി ബാധിച്ച ഇളയമകൻ അനീഷ്കുമാറിനെ (26) കരുനാഗപ്പള്ളി ഗവ.ആശുപത്രിയിൽ കാണിച്ചു മരുന്നു വാങ്ങി വീട്ടിലേക്കു മടങ്ങുമ്പോൾ ഷീലയെ പിന്നാലെ കാറിലെത്തി ഇടിച്ചുവീഴ്ത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. തുടർന്നു പ്രതികൾ തമിഴ്നാട്ടിലേക്കു കടന്നു.
അനിൽകുമാറിന്റെ ഭാര്യ സിജി ഗൾഫിൽ ആത്മഹത്യ ചെയ്തതു ഷീലയുടെ മൂത്ത മകന്റെ പ്രേരണ മൂലമാണെന്ന സംശയമാണു വൈരാഗ്യത്തിനു കാരണം. ഷീലയെയും മൂത്തമകനെയും പ്രതിയാക്കി ശിവൻകുട്ടി കേസ് നൽകിയെങ്കിലും കോടതി ഇവരെ വിട്ടയച്ചു. തുടർന്നാണു കൊലപാതകം ആസൂത്രണം ചെയ്തത്. കാർ ഇടിച്ചു പരുക്കേറ്റ സൈക്കിൾ യാത്രക്കാരനായ മൂന്നാം സാക്ഷി ബദറുദീൻ വിചാരണയ്ക്കു മുൻപു മരിച്ചു.
പ്രോസിക്യൂഷൻ 32 സാക്ഷികളെയും 96 രേഖകളും കോടതിയിൽ ഹാജരാക്കി. കരുനാഗപ്പള്ളി പൊലീസ് അന്വേഷിച്ച കേസ് പിന്നീടു സിറ്റി ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ബി.രാധാകൃഷ്ണപിള്ളയും തുടർന്ന് അസിസ്റ്റന്റ് കമ്മിഷണർ ജയശങ്കറും ആണു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പാലയ്ക്കത്തറ ശ്യാമപ്രസാദ് ഹാജരായി.
