കരുനാഗപ്പള്ളി | സ്ഥാനാർഥികളുടെ സ്വീകരണപര്യടനങ്ങൾ തുടങ്ങിയതോടെ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ നേതാക്കളും പ്രവർത്തകരും ആവേശത്തിലാണ്. കനത്ത വേനലിലും നാടെങ്ങും പ്രചാരണം ഉച്ചസ്ഥായിയിലാണ്. മുൻവർഷങ്ങളിൽ കിട്ടിയ വോട്ടുകളുടെ കണക്കുകൾ കൂട്ടിയും കിഴിച്ചും തന്ത്രങ്ങൾ മെനഞ്ഞും ഓരോ മുന്നണിയും തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസുകൾ സജീവമാക്കിക്കഴിഞ്ഞു. വരുംദിവസങ്ങളിൽ പ്രചാരണം കൂടുതൽ സജീവമാക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും.
യു.ഡി.എഫ്.സ്ഥാനാർഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പുപ്രചാരണഭാഗമായുള്ള കുടുംബയോഗങ്ങൾ വെള്ളിയാഴ്ച തുടങ്ങും. കല്ലേലിഭാഗം 177-ാംനമ്പർ ബൂത്തിൽ സി.ആർ.മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
മൊത്തം 182 ബൂത്തുകളിലായാണ് കുടുംബയോഗങ്ങൾ ചേരുക. മുൻ മന്ത്രി വി.എസ്.ശിവകുമാർ, ചാണ്ടി ഉമ്മൻ എം.എൽ.എ., മറിയാമ്മ ഉമ്മൻ, മാത്യു കുഴൽനാടൻ എം.എൽ.എ. തുടങ്ങിയ നേതാക്കളും വിവിധ കുടുംബയോഗങ്ങളിലായി പങ്കെടുക്കും.
15, 16 തീയതികളിലായി സ്ഥാനാർഥിയുടെ സ്വീകരണത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു.
യു.ഡി.എഫ്.സ്ഥാനാർഥികളുടെ വിജയത്തിനായി അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് നടത്തിയ റോഡ് ഷോയുടെ സമാപനയോഗം ചാണ്ടി ഉമ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
സജി ചെറിയാനും ജി.സുധാകരനും പര്യടനം നടത്തി
എൽ.ഡി.എഫ്.സ്ഥാനാർഥി എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ഭാഗമായി മന്ത്രി സജി ചെറിയാനും മുൻ മന്ത്രി ജി.സുധാകരനും നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ ഓച്ചിറ പടിഞ്ഞാറ് നാറാണത്ത് ജങ്‌ഷനിൽ നടന്ന കുടുംബയോഗം ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു. വൈകീട്ട് ആറിന് പാവുമ്പയിൽ നടന്ന റാലിയും പൊതുസമ്മേളനവും ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. സജി ചെറിയാന്റെ പര്യടനയോഗം വൈകീട്ട് അഴീക്കൽ കുരിശടി ജങ്‌ഷനിൽ ആരംഭിച്ചു. വിവിധ യോഗങ്ങൾക്കുശേഷം കുലശേഖരപുരം ആലോചനമുക്കിൽ ചേർന്ന പൊതുയോഗം മന്ത്രി ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ്.നേതാക്കൾ വിവിധ യോഗങ്ങളിൽ പങ്കെടുത്തു.
ശോഭാ സുരേന്ദ്രന്റെ സ്വീകരണപര്യടനം ഇന്ന്
എൻ.ഡി.എ.സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ സ്വീകരണപര്യടനം വെള്ളിയാഴ്ച നടക്കും.
ഉച്ചയ്ക്ക് ലാലാജി ജങ്‌ഷനിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റും സംവിധായകനുമായ മേജർ രവി ഉദ്ഘാടനം ചെയ്യും.
വിവിധ പഞ്ചായത്തുകളിലെ സ്വീകരണത്തിനുശേഷം രാത്രി എട്ടിന് പുത്തൻചന്തയിൽ സമാപിക്കും.
എൻ.ഡി.എ.യുടെ ബൂത്ത് കൺവെൻഷനുകളും പുരോഗമിക്കുകയാണ്. ഓച്ചിറ, കരുനാഗപ്പള്ളി മണ്ഡലം യോഗങ്ങളും നടന്നു.
