പുത്തൂർ | കുളക്കട ലക്ഷം വീട് ജങ്ഷന് സമീപം വീട് കുത്തിത്തുറന്ന് 11 പവൻ സ്വർണാഭരണങ്ങൾ കവർന്നു. യമുന നിവാസിൽ രാജേഷ് കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ ആളില്ലായിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറായ രാജേഷ് ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രണ്ടു മാല, ഒരു മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്. ഇതോടൊപ്പം ഒരു ടാബും, രണ്ടു വാച്ചും കവർന്നിട്ടുണ്ട്. പൂർണമായും പരിശോധിച്ചാൽ മാത്രമേ നഷ്ടങ്ങളുടെ ആകെ കണക്കെടുക്കാൻ കഴിയുകയുള്ളുവെന്ന് രാജേഷ് കുമാർ പറഞ്ഞു. വീടിന്റെ പിൻവാതിൽ പൊളിച്ചാണ് അകത്തു കയറിയിരിക്കുന്നത്. അടച്ചിട്ട മുറികളുടെ വാതിലുകളെല്ലാം തകർത്ത നിലയിലാണ്. അലമാരകളും മേശകളും നശിപ്പിച്ചിട്ടുണ്ട്.ഇടിച്ചു തകർക്കാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന സിമന്റ് കട്ടകളും വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. ഇവയ്ക്കുള്ളിലുണ്ടായിരുന്ന വസ്തുക്കളെല്ലാം വാരിവലിച്ചിട്ടിരിക്കുകയാണ്. പുത്തൂർ സി.ഐ. ജി.സുഭാഷ്‌കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും പരിശോധനയ്‌ക്കെത്തിയിരുന്നു.
