ഇമിഗ്രേഷൻ ചെക്ക് പോയിന്റ്, കാത്തിരിപ്പ് തുടർന്നു കൊല്ലം തുറമുഖം

Published:

കൊല്ലം | വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നർ തുറമുഖം പ്രവർത്തനക്ഷമമായതോടെ വലിയ സാധ്യതയുള്ള കൊല്ലം തുറമുഖത്ത് അടിയന്തരമായി ഇമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിക്കണമെന്ന് ആവശ്യം ഉയരുന്നു. ഇതിനാവശ്യമായി നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. വിഴിഞ്ഞത്തിന്റെ ഫീഡർ തുറമുഖമായി കൊല്ലം മാറും എന്നാണ് പ്രതീക്ഷ. ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷന്റെ ഇന്റർനാഷനൽ ഷിപ്പിങ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐഎസ്പിഎസ്) ലഭിച്ചെങ്കിലും ഇമിഗ്രേഷൻ ചെക്ക് പോയിന്റിനായുള്ള കാത്തിരിപ്പു തുടരുകയാണ്.

സുരക്ഷാ സംവിധാനം ഉള്ള രാജ്യാന്തര തുറമുഖങ്ങൾക്കാണ് ഐഎസ്പിഎസ് കോഡ് അനുവദിക്കുന്നത്. കഴിഞ്ഞ ജൂണിൽ കൊല്ലം തുറമുഖത്തിന് ഐഎസ്പിഎസ് കോഡ് താൽക്കാലികമായി ലഭിക്കുകയും ചെയ്തു. ഇതിന്റെ കാലാവധി ഡിസംബറിൽ പൂർത്തിയാകും. കോഡ് സ്ഥിരമായി ലഭിക്കുന്നതിനുള്ള നടപടികളും പൂർത്തിയായിയിട്ടുണ്ട്.

സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി 10 ഏക്കർ സ്ഥലം ചുറ്റുമതിൽ കെട്ടി അതിനു മുകളിൽ വേലി സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമായ വിളക്കുകൾ, നിരീക്ഷണത്തിനു പരിശോധനയ്ക്കും ഉപയോഗിക്കുന്ന ക്യാമറകൾ, തുറമുഖത്തിന്റെ 50 മീറ്റർ ചുറ്റളവിൽ കരയിലും കടലിലും അതിക്രമിച്ചു കയറുന്നത് ശിക്ഷാർഹമാണെന്ന് ബോർഡ് സ്ഥാപിക്കൽ തുടങ്ങിയവ പൂർത്തിയാക്കിയതിനെ തുടർന്നാണ് ഐഎസ്പിഎസ് കോഡ് അനുവദിച്ചത്. 2 ഇൻസ്പെക്ടർമാർ, 8 എസ്ഐ മാർ, 2 സിവിൽ പൊലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ 14 പ1ലീസ് ഉദ്യോഗസ്ഥരെ ഡപ്യൂട്ടേഷനിൽ നിയമിക്കുന്നതിനും നടപടി ആയി. ഐഎസ്പിഎസ് കോഡ് അനുവദിച്ചതോടെ ഇമിഗ്രേഷൻ ചെക്ക് പോയിന്റ് ഉടൻ അനുവദിക്കും എന്നായിരുന്നു പ്രതീക്ഷ.
അറ്റകുറ്റപ്പണിക്കായി വിഴിഞ്ഞത്ത് നിന്നെത്തിയ അദാനിയുടെ 3 കപ്പലുകൾ മടങ്ങി. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഒരു കപ്പൽ മടങ്ങാനുണ്ട്. നാലു മാസം മുൻപാണു കപ്പലുകൾ കൊല്ലം മുഖത്തെത്തിയത്. കൊച്ചിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് അറ്റകുറ്റപ്പണി നടത്തിയത്. മുംബൈയിൽ നിന്നുള്ള കപ്പലും വിഴിഞ്ഞം തുറമുഖ നിർമാണത്തിന് എത്തിയതാണ്. ഇതിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി. കപ്പൽ ഉടൻ തുറമുഖം വിടും. കപ്പലുകൾ നങ്കൂരം ഇട്ട ഇനത്തിൽ തുറമുഖ വകുപ്പിന് 50 ലക്ഷത്തോളം രൂപ ലഭിച്ചു.

Related articles

Recent articles

spot_img