കൊല്ലം | കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ അംഗീകരിക്കാനാകാത്തതു കൊണ്ടാണ് ഇടതുപക്ഷ സർക്കാർ ബദൽ തേടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചവറ നിയമസഭ നിയോജക മണ്ഡലം എൽഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം യുപിഎ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ പിന്തുടരുകയാണ് ബിജെപി സർക്കാർ ചെയ്തത്. ആദ്യ യുപിഎ സർക്കാരിനു സാമ്പത്തിക നയങ്ങളിൽ മാറ്റം വരുത്താൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ, ആ സർക്കാരിനെ പിന്തുണച്ച ഇടതുപക്ഷം ജനങ്ങൾക്കൊപ്പം നിന്നു ചിന്തിച്ചു. അതുകൊണ്ടാണ് തൊഴിലുറപ്പ് നിയമം ഉൾപ്പെടെയുള്ള നടപ്പാക്കിയത്. സമ്പന്നനെ കൂടുതൽ സമ്പന്നരും പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരുമാക്കുന്ന നയമാണ് കോൺഗ്രസ്, ബിജെപി സർക്കാരുകളുടേത്.
പാവപ്പെട്ടവരെ ചേർത്തു പിടിക്കുന്ന നയമാണ് ഇടതുമുന്നണിയുടേത്. ക്ഷേമപെൻഷൻ വിതരണത്തെ അട്ടിമറിക്കുകയാണ് കേന്ദ്ര ധനമന്ത്രാലയം ചെയ്തത്. സംസ്ഥാനത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ചു. പാർലമെന്റിൽ അതിനെ പ്രതിരോധിക്കാൻ കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾക്ക് കഴിഞ്ഞില്ല. കോൺഗ്രസിന്റെ കള്ള പ്രചാരണത്തിൽ വിശ്വസിച്ചാണ് 2019ൽ യുഡിഎഫിന് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്തത്. ആ പൊള്ളത്തരം തിരിച്ചറിഞ്ഞാകും ഇക്കുറി വോട്ടെന്നും അദ്ദേഹം പറഞ്ഞു. ചവറ നിയോജക മണ്ഡലം എൽഡിഎഫ് പ്രസിഡന്റ് അനിൽ പുത്തേഴത്ത് അധ്യക്ഷനായിരുന്നു. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ്കുമാർ, കെ.എൻ.ബാലഗോപാൽ, കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷ്, സുജിത് വിജയൻ പിള്ള എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.
‘കേരള സ്റ്റോറി’ക്ക് പിന്നിൽ ആർഎസ്എസ്, ബിജെപി അജൻഡ: മുഖ്യമന്ത്രി
കൊല്ലം∙ കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ‘കേരള സ്റ്റോറി’ സിനിമയ്ക്ക് പിന്നിൽ ആർഎസ്എസ്, ബിജെപി അജൻഡയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരും ആ കെണിയിൽ വീഴരുതെന്നും വേദപഠന ക്ലാസിന്റെ ഭാഗമായി ‘കേരള സ്റ്റോറി’ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. ഭാവനയിൽ സൃഷ്ടിച്ച കുറേക്കാര്യങ്ങളാണു സിനിമയിൽ. തികച്ചും രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള സിനിമ. കേരളത്തെ വല്ലാത്ത സ്ഥലമായി ചിത്രീകരിക്കുകയാണ്.
ഒരു നാടിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തെ എല്ലാവരും എതിർക്കണം – മുഖ്യമന്ത്രി പറഞ്ഞു. ‘ഒരു നിശ്ചയമില്ലൊന്നിനും. വരുമോരോവിധി വന്നപോലെ പോകുമെന്നല്ലേ’ പണ്ട് പറഞ്ഞിട്ടുള്ളതെന്ന് ആർഎസ്പി നേതാക്കളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എന്താണ് ഇനി സംഭവിക്കാൻ പോകുന്നതെന്ന് കണ്ടറിയാം. ഇപ്പോഴൊന്നും പ്രവചിക്കാൻ തയാറാകുന്നില്ല. സാധാരണഗതിയിൽ അവസരവാദ നിലപാടെടുക്കുന്നവർ ഒരിടത്ത് മാത്രമായി അത്തരം നിലപാട് സ്വീകരിക്കുമെന്ന് കണക്കാക്കേണ്ട. അതൊരു സ്വഭാവമായി തുടർന്നു പോയി എന്നുവരും. എവിടെയൊക്കെ എത്തുമെന്ന് കണ്ടു മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.
