കരുനാഗപ്പള്ളി | തകർന്ന് കുഴികളായി മാറിയ പുതിയകാവ് -കാട്ടിൽക്കടവ് റോഡിൽ ഗതാഗതം ദുഷ്കരം.
കുലശേഖരപുരം പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നാണിത്. കെ.എസ്.ആർ.ടി. സി. ബസുകൾ ഉൾപ്പെടെ ഇതുവഴി സർവീസ് നടത്തുന്നു. ഒട്ടേറെ സ്കൂൾ ബസുകളും സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്ന റോഡാണിത്. റോഡ് തകർന്ന് കുഴികളായി മാറിയിട്ട് നാളുകളായി. മാസങ്ങൾക്കുമുൻപ് റോഡിലെ കുഴികൾ അടച്ചെങ്കിലും പലയിടത്തും വീണ്ടും തകർന്നു.
സംസ്ഥാന പാതയായി വികസിപ്പിക്കണമെന്ന് ആവശ്യം ഉയരുന്ന കാട്ടിൽക്കടവ്-പത്തനാപുരം റോഡിന്റെ ഭാഗമാണിത്. ചക്കുവള്ളിമുതൽ പുതിയ കാവുവരെ വികസന പ്രവർത്തനങ്ങൾ നടന്നു. പുതിയകാവു മുതൽ കാട്ടിൽക്കടവുവരെയുള്ള ഭാഗത്ത് ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ ഇടേണ്ടതിനാൽ വികസന പ്രവർത്തനങ്ങൾ നടന്നില്ല. പൈപ്പ് ലൈൻ ഇട്ടശേഷം റോഡ് വികസനം നടത്താമെന്നതായിരുന്നു ധാരണ. വൈകിയതോടെ റോഡ് വികസനവും നീണ്ടു. മഴ ശക്തമായതോടെ റോഡ് കൂടുതലായി തകർന്നു. പലയിടത്തും വെള്ളക്കെട്ടുകളായി. ഒട്ടേറെ വിദ്യാർഥികളാണ് ദിവസവും സൈക്കിളുകളിൽ യാത്രചെയ്യുന്നത്.
രാത്രിയിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. കാട്ടിൽക്കടവ് പാലം വരുന്നതോടെ പ്രധാന പാതയായി വികസിക്കേണ്ട റോഡാണിത്.
തകർന്നടിഞ്ഞ് പുതിയകാവ് -കാട്ടിൽക്കടവ് റോഡ്
