ചവറ | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടേ പരിശീലകൻ പോലീസിന്റെ പിടിയിലായി. നീണ്ടകര പനയിത്ര കിഴക്കതിൽ രതീഷ് (30) ആണ് ചവറ പോലീസിന്റെ പിടിയിലായത്.
പോലിസ് പറയുന്നത്: കരാട്ടേ പരിശീലിക്കാൻ എത്തിയ പതിമ്മൂന്നുകാരിയായ പെൺകുട്ടിയെ ആണ് ഇയാൾ ലൈംഗികപീഡനത്തിന് ഇരയാക്കിയ ത്. പിന്നീട് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസങ്ങൾ പ്രകടമായതിനെ തുടർന്ന് സംശയം തോന്നിയ രക്ഷാകർത്താക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചവറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ രതിഷ് മൈസൂരുവിലാണെന്ന് അറിയാൻ കഴിഞ്ഞു.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം ഇയാളെ നിരീക്ഷിക്കുകയും ട്രെയിൻ മാർഗം കൊല്ലത്തേക്ക് വന്ന രതീഷിനെ കായംകുളത്തുനിന്ന് കരുനാഗപ്പള്ളി എ.സി.പി. പ്രദീപ്‌കുമാറിൻ്റെ മേൽനോട്ടത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ചവറ പോലീസ് ഇൻസ്പെക്ടർ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ. അനീഷ്കു മാർ, എസ്.സി.പി.ഒ.മാരായ മനീഷ് അനിൽകുമാർ, സി.പി.ഒ മാരായ ശ്യാം, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; കരാട്ടേ പരിശീലകൻ അറസ്റ്റിൽ
