കല്ലുംകടവിൽ താൽക്കാലിക ഗതാഗത ക്രമീകരണം ഒരുക്കി

Published:

പത്തനാപുരം| കല്ലുംകടവിൽ താൽക്കാലിക ഗതാഗത ക്രമീകരണവുമായി കെഎസ്ടിപി. പത്തനാപുരം–പത്തനംതിട്ട റോഡിൽ നിന്ന് കായംകുളം റോഡിലേക്ക് തിരിയുന്ന ജംക്‌ഷനിൽ മണൽചാക്ക് അടുക്കിയാണ് ഗതാഗതം ക്രമീകരിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആര്യങ്കാവ് വഴി എത്തുന്ന ചരക്കുവാഹനങ്ങൾ ഉൾപ്പെടെ കൊച്ചിയിലേക്കും മറ്റും പോകുന്നത് ഇത് വഴിയാണ്. നന്നേ ഗതാഗതത്തിരക്കുള്ള പാതയിൽ പത്തനാപുരം കല്ലുംകടവിലെത്തുന്ന വാഹനങ്ങൾ, പെട്ടെന്ന് കായംകുളം പാതയിലേക്ക് പ്രവേശിക്കുമ്പോൾ അപകടം പതിവായി.

ഇതേ തുടർന്ന് ഇവിടെ ഗതാഗതം ക്രമീകരിക്കാൻ ട്രാഫിക് സിഗ്‍നലോ, മറ്റെന്തെങ്കിലും മാർഗമോ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രതിഷേധത്തിനൊടുവിലാണ് ഇപ്പോൾ മണൽചാക്ക് അടുക്കി താൽക്കാലിക ക്രമീകരണം നടത്തിയത്. കായംകുളം റോഡിൽ നിന്ന് അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ പലപ്പോഴും ദിശയറിയാതെ തെറ്റായ പാതയിലൂടെ പത്തനാപുരം–പുനലൂർ പാതയിലേക്ക് പ്രവേശിക്കുക പതിവാണ്. റോഡ് നവീകരണം പൂർത്തിയാകുമ്പോഴേക്കും സ്ഥിരമായ ഗതാഗതപരിഷ്ക്കരണം ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.

Related articles

Recent articles

spot_img