കടയ്ക്കൽ | താലൂക്ക് ആശുപത്രിയിൽ കുടുതൽ സൗകര്യത്തോടെ ഗൈനക്കോളജി വിഭാഗത്തിനു പ്രത്യേക ബ്ലോക്ക് തയാറാകുന്നു. അത്യാഹിത വിഭാഗം കൂടുതൽ സൗകര്യത്തോടെ മാറും. എൻഎച്ച്എം പദ്ധതിയിൽപ്പെടുത്തി ഗൈനക്കോളജി വിഭാഗത്തിന് 1.69 കോടി രൂപ ചെലവഴിച്ചു കെട്ടിടം നിർമിച്ചു.
കെട്ടിടത്തിനകത്ത് അവസാനവട്ട പണികൾ നടക്കുകയാണ്. മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ഇവിടെ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 33 ലക്ഷം രൂപ ചെലവഴിച്ചു ലിഫ്റ്റ് സ്ഥാപിച്ചു. അത്യാഹിത വിഭാഗം നിലവിൽ ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കു മാറ്റും.
നിലവിലെ അത്യാഹിത വിഭാഗം കെട്ടിടത്തിൽ ലബോറട്ടറി പ്രവർത്തിക്കും. ആശുപത്രിയിലെ സുരക്ഷാ സൗകര്യം കണക്കിലെടുത്താണ് അത്യാഹിത വിഭാഗം ഉൾപ്പെടെ മാറ്റുന്നത്. റവന്യു വകുപ്പ് ആശുപത്രിക്കു കൈമാറിയ സ്ഥലത്തിന്റെ നടപടികൾ പൂർത്തിയാകുന്നതോടെ 10 കോടി രൂപ ചെലവഴിച്ചുള്ള കെട്ടിടം കൂടി ഉയരും.
രാവിലെ 8 മുതൽ 1 വരെ ജനറൽ ഒപി പ്രവർത്തിക്കും. ജനറൽ ഒപിയിൽ 4 ഡോക്ടർമാർ ഉണ്ടാകും. അസ്ഥിരോഗ വിഭാഗം ഒപി ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലും തിങ്കൾ, വ്യാഴം ദിവസം സർജറിയും. ഗൈനക്കോളജി വിഭാഗം ഒപി തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലും ചൊവ്വ വെള്ളി ദിവസം സർജറിയും. കുട്ടികളുടെ വിഭാഗം ഒപി തിങ്കൾ മുതൽ ശനി വരെയും ഇഎൻടി വിഭാഗം തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും അനസ്തീസിയോളജി ഒപി തിങ്കൾ മുതൽ ശനി വരെയും ദന്തൽ വിഭാഗം, ജനറൽ മെഡിസിൻ വിഭാഗം ഒപി ഞായർ ഒഴികെ എല്ലാ ദിവസവും പ്രവർത്തിക്കും. 22 ഡോക്ടർമാർ ഉള്ള ആശുപത്രിയിൽ സൂപ്രണ്ട് ഉൾപ്പെടെ 14 പേരാണു സ്ഥിരം നിയമനം ലഭിച്ചവർ. മറ്റുള്ള ഡോക്ടർമാർ എൻഎച്ച്എം, ആശുപത്രി വികസന സമിതി എന്നിവ വഴി നിയമനം ലഭിച്ചവരാണ്.
