പത്തനാപുരം | തമിഴ്‌നാട്ടിൽ മോഷണം നടത്തി, ബേക്കറി ഉത്പന്ന വിപണനവുമായി വിളക്കുടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ് സംഘത്തെ പോലീസ് പിടികൂടി.
തമിഴ്‌നാട് ചെങ്കോട്ട വിശ്വനാഥപുരം സ്വദേശികളായ അജ്‌മീർ ഹാജ (31), ഭാര്യ വസന്തപ്രിയ (25), നമ്പർ 14 കെ.ടി.റോഡ് ഫൈസൽ (30) എന്നിവരെയാണ് തമിഴ്‌നാട് നിരാവ് പോലീസിൻറെ രഹസ്യാന്വേഷണ വിഭാഗവും കുന്നിക്കോട് പോലീസും ചേർന്ന് പിടികൂടിയത്.
ഒട്ടേറെ കേസുകളിൽ പ്രതികളായ സ്ഥിരം മോഷ്ടാക്കളുടെ സംഘം തമിഴ്‌നാട്ടിലെ വീട് കൊള്ളയടിച്ച് 50 പവൻ സ്വർണം മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
കേരളത്തിലേക്ക് കടന്ന മോഷണസംഘം വിളക്കുടി മിച്ചഭൂമിയിൽ വാടകവീട്ടിൽ ഒരു മാസമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ഇളമ്പൽ കോട്ടവട്ടം സ്വദേശിയെ സമീപിച്ചാണ് വിളക്കുടി മിച്ചഭൂമിയിലെ വാടകവീട് തരപ്പെടുത്തിയത്. ഇയാളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വാടകവീട് കേന്ദ്രീകരിച്ച് ബേക്കറി ഉത്പന്നങ്ങൾ നിർമിച്ച് ബേക്കറികളിൽ വിറ്റ് കഴിയുമ്പോഴാണ് സംഘം പോലീസ് വലയിലാകുന്നത്. തമിഴ്‌നാട്ടിലെ ക്യൂ ബ്രാഞ്ചിന്റെ ഇടപെടലും കുന്നിക്കോട് പോലീസിന്റെ സഹായവുമാണ് പ്രധാനപ്രതിയായ ഫൈസലിനെ കണ്ടെത്താൻ സഹായിച്ചത്.
ഇയാളിലൂടെയാണ് അജ്‌മീർ ഹാജയും കൂട്ടുപ്രതി വസന്തയും പിടിയിലായത്. പിടിയിലായവരെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി.
തമിഴ്‌നാട്ടിൽ മോഷണം; വിളക്കുടിയിൽ ബേക്കറി കച്ചവടം!
