പുനലൂർ | പതിറ്റാണ്ടുകൾ ഗതാഗതത്തിന് ഉപയോഗിക്കുകയും ഒടുവിൽ ഒരുമാസമായി അനാഥമായി കിടക്കുകയും ചെയ്ത മുക്കടവ് പാലത്തിൽ കെഎസ്ടിപി അധികൃതർ ടാറിങ്ങ് നടത്തി. ശബരിമല സീസൺ ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇവിടെ പഴയ പാലം കൂടി ഗതാഗതത്തിന് പ്രയോജനപ്പെടുത്തിയില്ലെങ്കിൽ ഗതാഗത സ്തംഭനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ച് ഈ മാസം 12ന് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പഴയ പാലം ഗതാഗതത്തിന് ഉപയോഗിക്കുമെന്നു രണ്ടര വർഷം മുൻപ് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും വ്യവസ്ഥാപിതമായി ഇതിനുള്ള ഫയലുകൾ നീക്കിയില്ല. ഇപ്പോൾ കെഎസ്ടിപി സ്വന്തം നിലയിൽ ഇവിടം ടാറിങ് നടത്തിയിരിക്കുകയാണ്. കൊച്ചി –തൂത്തുക്കുടി തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള കൂറ്റൻ ചരക്കു വാഹനങ്ങൾ കടന്നുവരുമ്പോൾ നിലവിലെ മുക്കടവ് പാലത്തിലൂടെയുള്ള ഗതാഗതം കൂടുതൽ പ്രശ്നമാകും. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്ക് വാഹനവ്യൂഹങ്ങൾ തെക്കൻ ജില്ലകളിലേക്ക് കടന്നുപോകുന്നത് പാതയിലൂടെയാണ്. കാരണം പാലത്തിലേക്ക് ഇരുവശങ്ങളിൽ നിന്നും അനുബന്ധ റോഡുകൾ എത്തുന്നത് കൊടും വളവുകളിൽ നിന്നാണ്. ഇവിടെ വലിയ വാഹനങ്ങൾ കയറുന്നതിനും പുറത്തേക്ക് പോകുന്നതിനും കാലതാമസം നേരിടും.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് വാഹനങ്ങളാണ് രാവും പകലും ഇതുവഴി കടന്നുപോകുന്നത്. 2 മാസത്തോളം വരുന്ന ശബരിമല സീസണിൽ മുക്കടവ് നദിയിലെ 2 കടവുകളിലും തീർഥാടകർ വിരി വയ്ക്കുകയും വിശ്രമിക്കുകയും കുളിക്കുകയും ചെയ്യും. ഈ ഭാഗം മുഴുവൻ റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് ആയിരിക്കും. ഈ പ്രത്യേക സാഹചര്യത്തിലാണ് പഴയ പാലം കൂടി ഗതാഗതത്തിന് തുറന്നു കൊടുക്കേണ്ട ആവശ്യകത ഉയർന്നുവന്നത്. പുനലൂർ ഭാഗത്ത് നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് പഴയ പാലം ഉപയോഗിക്കാം. പുനലൂർ –മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ നിലവാരത്തിൽ പാത പുനർനിർമിച്ചപ്പോൾ വളവ് ഒഴിവാക്കുന്നതിനായാണ് പുതിയ പാലം നിർമിക്കേണ്ടി വന്നത്. ഫലത്തിൽ പുതിയ പാലത്തിലെ ഗതാഗതത്തിനുള്ള ഏകദേശം അത്രയും സ്ഥലം പഴയ പാലത്തിലും ഉണ്ടായിരുന്നതാണ്. വീതിയിൽ വലിയ വ്യത്യാസമില്ല. എന്തായാലും പാലത്തിൽ ടാറിങ് കഴിഞ്ഞതോടെ ഇത്തവണത്തെ ശബരിമല സീസണിൽ ഇവിടെ ഗതാഗത സ്തംഭനം ഉണ്ടാകില്ലെന്ന് ഉറപ്പായി.പക്ഷേ പാലത്തിന്റെ കൈവരികൾ കൂടി പുതുക്കി നിർമിച്ച ഇവിടം കൂടുതൽ മനോഹരമാക്കിയാൽ വിനോദസഞ്ചാര മേഖല കൂടിയായ ഇവിടെ രണ്ട് പാലങ്ങളിലൂടെയും ഉള്ള ഗതാഗതം കൂടുതൽ സുഗമാകും.
