കുന്നിക്കോട്| കുന്നിക്കോട് ടൗണിലെ ശീമക്കൊന്നമരം മുറിച്ചതിനു പിന്നാലെ അവിടം കൈയേറിയുള്ള കൊടിനാട്ടലും വൃക്ഷത്തൈനടീലും അടക്കമുള്ള രാഷ്ട്രീയനീക്കങ്ങൾ വാക്കേറ്റത്തിനും സംഘർഷാവസ്ഥയ്ക്കും ഇടയാക്കി. സി.പി.എം.-കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തിയത് രംഗം വഷളാക്കി. സംഘർഷസാധ്യതയെത്തുടർന്ന് ഞായറാഴ്ച രാത്രി കുന്നിക്കോട് ടൗണിൽ പോലീസ് പിക്കറ്റ് ഏർപ്പെടുത്തി.
കുന്നിക്കോട് ടൗണിൽ പട്ടാഴി റോഡിലെ തൈക്കാവ് ജങ്‌ഷനിൽ ഇടറോഡുകളും കുന്നിക്കോട്-പട്ടാഴി റോഡും സംഗമിക്കുന്ന ഭാഗത്തുണ്ടായിരുന്ന ശീമക്കൊന്നമരം ഞായറാഴ്ച പകൽ മുറിച്ചുമാറ്റുകയും മരത്തിനു ചുറ്റും മൂന്നടിയോളം കെട്ടിയുയർത്തിയ തറ പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. അപകടാവസ്ഥയും മരത്തറയിൽ രാത്രിയിലുള്ള സമൂഹവിരുദ്ധശല്യവും പരിഗണിച്ച് പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പിന്റെ അനുമതിയോടെയായിരുന്നു ഇത്. തർക്കങ്ങളില്ലാതെ നാട്ടുകാരുടെ പിന്തുണയോടെയായിരുന്നു മരംമുറി.
നേരത്തേ സി.പി.എം. പ്രവർത്തകർ ഇവിടം കൊടിമരമായി ഉപയോഗിച്ചിരുന്നതാണെന്നു പറയുന്നു. മരംമുറിക്കുശേഷം വൈകീട്ട് ഒരുസംഘം സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകരെത്തി മരം മുറിച്ചുനിരത്തിയ പഴയ തറയ്ക്കു ചുറ്റും ചെങ്കൊടി നാട്ടി.
.പി.എം. പ്രവർത്തകർ അവിടെ സ്തൂപം നിർമിക്കാൻ നീക്കം നടത്തുന്നതായി ആരോപിച്ച് പിന്നാലെ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകരും കൊടിനാട്ടാൻ കൂട്ടമായെത്തി. ഇത് ഇരുപാർട്ടികളിലെയും പ്രവർത്തകർ തമ്മിൽ വാക്കേറ്റത്തിനും മണിക്കൂറുകളോളം സംഘർഷാവസ്ഥയ്ക്കും ഇടയാക്കി. ഇരുകൂട്ടരും തമ്മിൽ കൈയേറ്റത്തിന്റെ വക്കോളമെത്തിയതോടെ കുന്നിക്കോട് പോലീസെത്തി.
സി.പി.എം.നാട്ടിയ കൊടികൾ നീക്കിയില്ലെങ്കിൽ കോൺഗ്രസ് പ്രവർത്തകരും അവിടെ കൊടിനാട്ടുമെന്ന് ഉറപ്പിച്ചതോടെ രംഗം വഷളായി. സംഘർഷസാധ്യത കണക്കിലെടുത്ത് കൊട്ടാരക്കര എസ്.ഐ.യുടെ നേതൃത്വത്തിൽ കൺട്രോൾ റൂമിൽനിന്ന് കൂടുതൽ പോലീസുകാരും സ്ഥലത്തെത്തി. പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ സി.പി.എം. പ്രവർത്തകർ കൊടികൾ നീക്കുകയും പകരം അവിടെ ആൽമരത്തൈ നടുകയും ചെയ്തു.
പിന്നാലെ കോൺഗ്രസും അവിടെ അശോകത്തൈ നട്ടു. സി.പി.എം. അവിടെ സ്തൂപം നിർമിച്ചാൽ മറ്റു പാർട്ടികളും സ്തൂപം സ്ഥാപിക്കുമെന്ന് അറിയിച്ചതോടെ സംഘർഷാവസ്ഥ വർധിച്ചു. കൂടുതൽ പോലീസെത്തി പ്രവർത്തകരെ പിരിച്ചുവിട്ടെങ്കിലും സംഘർഷസാധ്യത നിലനിന്നു. തുടർന്നാണ് രാത്രി മുഴുവൻ ടൗണിൽ പോലീസ് പിക്കറ്റ് ഏർപ്പെടുത്തിയത്. മരം മുറിച്ച സ്ഥലം വിശാലമായതോടെ സ്ഥലത്തിന്റെ മുഖച്ഛായ മാറിയിട്ടുണ്ട്. കുന്നിക്കോട് ടൗണിൽ പൊതുസ്ഥലങ്ങൾ കൈയേറി രാഷ്ട്രീയ പാർട്ടികളും മറ്റും സ്തൂപങ്ങളും കൊടിമരങ്ങളും സ്ഥാപിക്കുന്നത് സാമൂഹികപ്രശ്നമായി മാറിയിട്ടുണ്ട്.
