ശാസ്താംകോട്ട | ഓണത്തിന്റെ വരവറിയിച്ച് കോവൂരിൽ കരടികളിറങ്ങി. കരടികളിക്ക് മോടികൂട്ടി പുലികളി മേളവും തകർത്തതോടെ കോവൂർ ഗ്രാമം ഓണാവേശത്തിലായി. ഓണാഘോഷത്തിന്റെ ഭാഗമായി കോവൂർ കേരള ലൈബ്രറി സംഘടിപ്പിച്ച മത്സരത്തിലാണ് വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിയ കരടികൾ നിറഞ്ഞാടിയത്.
പരമ്പരാഗതരീതിയിൽ ഓലക്കീറുകൊണ്ടുള്ള വേഷം ധരിച്ച് താളത്തിനൊത്ത് ചുവടുകൾവെച്ച കരടികളും തോക്ക് കൈയിലേന്തി തന്ത്രവും കുതന്ത്രവും മെനഞ്ഞ് ചാഞ്ഞും ചരിഞ്ഞും ഉന്നം നോക്കുന്ന കരിപൂശിയ വേട്ടക്കാരനും ഓണപ്പുലിയും കാണികൾക്ക് ദൃശ്യ വിരുന്നൊരുക്കി.
അരിനല്ലൂർ കരടികളിസംഘം, പന്മന മിത്രം നാട്ടുകൂട്ടം, അര നൂറ്റാണ്ടായി കരടികളിരംഗത്ത് നിറഞ്ഞുനിൽക്കുന്ന കളങ്ങര രാഘവൻ നേതൃത്വം നൽകുന്ന സംഘം എന്നിവയുടെ നിറഞ്ഞാട്ടം നാടിനെ ആഘോഷത്തിമിർപ്പിൽ ആറാടിച്ചു. ഇത്തവണ കേരള ലൈബ്രറി കരടികളി സംഘവും
മത്സരത്തിനിറങ്ങി. ചുവടുവയ്പിനൊപ്പം മേളവും കൊട്ടിക്കയറിയതോടെ ആവേശം വാനോളമുയർന്നു.
അന്യമാകുന്ന കരടികളി ആസ്വദിക്കാൻ നാടിൻ്റെ നാനാഭാഗത്തു നിന്നും ആളുകളെത്തി ഏറ്റവും മികച്ച പാട്ടുപാടുന്ന ടീമായി കളങ്ങര രാഘവൻ നേതൃത്വം നൽകു സംഘവും മികച്ച ടീമായി മിത്രം നാട്ടുകൂട്ടവും മികച്ച വേഷം ധരിച്ച ടീമായി അരിനല്ലൂർ സംഘവും
രഞ്ഞെടുക്കപ്പെട്ടു.
കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ. മുഖ്യാതിഥിയായി. ഗ്രന്ഥശാലാസംഘം കുന്നത്തൂർ താലൂക്ക് സെക്രട്ടറി എസ്.ശശി കുമാർ, ലൈബ്രറി പ്രസിഡന്റ് കെ.ബി.വേണുകുമാർ, സെക്രട്ടറി ബി.രാധാകൃഷ്ണൻ, പ്രോഗ്രാം കോഡിനേറ്റർ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കോവൂരിൽ കരടിയിറങ്ങി, മോടികൂട്ടി പുലികളിമേളവും
