കുണ്ടറ | കൊല്ലം-തിരുമംഗലം ദേശീയപാതയിലെ തിരക്കേറിയ ജങ്ഷനായ ഇളമ്പള്ളൂരിൽ കൊല്ലത്തേക്കുള്ള ബസ് സ്റ്റോപ്പിലെ വെള്ളക്കെട്ട് നീക്കാൻ ഇനിയും നടപടിയില്ല. ചവറയിൽ നിന്നുള്ള സിറ്റി സർവീസ് അവസാനിക്കുന്ന ഇളമ്പള്ളൂരിൽ ആയിരങ്ങളാണ് ദിവസവും ജങ്ഷനിൽ നിന്ന് ബസ് കയറുന്നത്.എസ്.എൻ.എസ്.എം., കെ.ജി.വി. സ്കൂളുകളിലെ രണ്ടായിരത്തിലധികം വിദ്യാർഥികളും ഈ സ്കൂൾവർഷം മുഴുവൻ ദുരിതമനുഭവിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും വെള്ളക്കെട്ട് ദുരിതം സമ്മാനിക്കുന്നു. വെള്ളം ഒഴുകിപ്പോകാൻ ഇവിടെ മതിയായ സംവിധാനമില്ല. വെള്ളം ഒഴുകാൻ റോഡിൽ നിന്ന് എതിർവശത്തെ ഓടയിലേക്ക് കുഴലുകൾ സ്ഥാപിച്ചെങ്കിലും മാലിന്യമടിഞ്ഞ് ഇവ അടഞ്ഞനിലയിലാണ്.
