ഇളമ്പള്ളൂരും മുക്കടയും ദേശീയപാത അതോറിറ്റിയെ ഏൽപ്പിക്കാൻ നീക്കം

Published:

കുണ്ടറ | കുണ്ടറയിൽ ഇളമ്പള്ളൂർ, മുക്കട മേൽപ്പാലങ്ങളുടെ നിർമ്മണം ദേശീയപാത അതോറിറ്റിയെ ഏൽപ്പിക്കാൻ നീക്കം. എൻ.കെ. പ്രേമചന്ദ്രൻ എം.പി.യും പി.സി. വിഷ്ണുനാഥ് എം.എൽ.എ.യും ചൊവ്വാഴ്ച രാവിലെ പാലം നിർമാണവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും അധികൃതർക്കൊപ്പം കുണ്ടറയിലെ മൂന്ന് ലെവൽക്രോസുകളും സന്ദർശിച്ചു.
റെയിൽവേ, ദേശീയപാത മന്ത്രാലയം, റോഡ്‌സ് ആൻഡ് ബ്രിഡസ് ഡിവലപ്മെന്റ് കോർപ്പറേഷൻ, നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് അധികൃതർ പങ്കെടുത്തു. എല്ലാ മേൽപ്പാലങ്ങൾക്കും റെയിൽവേ അംഗീകാരം നൽകിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം.
കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ മുക്കടയും ഇളമ്പള്ളൂരും ബ്ലോക്ക് സ്പോട്ടുകളായി പ്രഖ്യാപിച്ച് നിതിൻ ഗഡ്‌കരിക്ക് ചൊവ്വഴ്ചതന്നെ കത്തു നൽകുമെന്ന് എൻ. കെ.പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. ഇതു ബോധ്യപ്പെടുത്താനായാൽ ദേശീയപാത അതോറിറ്റി നേരിട്ട് മേൽപ്പാലം നിർമാണം ഏറ്റെടുക്കുമെന്ന് ദേശീയപാത മന്ത്രാലയം റീജണൽ ഓഫീസർ അറിയിച്ചു. നീക്കം വിജയിച്ചാൽ റെയിൽവേ, സംസ്ഥാന സർക്കാരുകളെ ഒഴിവാക്കി നിർമാണം വേഗത്തിലാക്കാനാകും.
മുക്കടയും ഇളമ്പള്ളൂരും ബന്ധിപ്പിച്ച് സമാന്തരപാതയും ഒറ്റ മേൽപ്പാലവും എന്ന ആശയത്തിന്റെ് സാധ്യതയും പരിശോധിക്കും. പാലം നിർമാണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം രണ്ടുദിവസത്തിനകം കൊല്ലത്ത് ചേരും. മുക്കട, ഇളമ്പള്ളൂർ മേൽപ്പാലങ്ങളുടെ പ്രാഥമിക രൂപകല്പന അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് എം.എൽ.എ. പറഞ്ഞു.
കൊല്ലം-ചെങ്കോട്ട റെയിൽവേ വൈദ്യുതീകരണം പൂർത്തിയായതോടെ കൂടുതൽ തീവണ്ടികൾ ഓടിത്തുടങ്ങും. ഇതു ദേശീയപാതയിൽ വലിയ യാത്രാതടസ്സമുണ്ടാക്കുമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി. പറഞ്ഞു.
താലൂക്ക് ആശുപത്രിയിലും പോലീസ് സ്റ്റേഷനിലും അഗ്നി രക്ഷാനിലയം അടക്കമുള്ള മറ്റു സ്ഥാപനങ്ങളിലും എത്താൻ തീവണ്ടി കടന്നുപോയി ഗേറ്റ് തുറക്കാൻ കാത്തുനിൽക്കണം. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കുന്നവിധത്തിൽ ഇത് പൗരാവകാശ പ്രശ്നമായിരിക്കുന്നെന്ന് എം .എൽ.എ. പറഞ്ഞു.
പള്ളിമുക്കിൽ മേൽപ്പാലത്തിൻ്റെ രൂപരേഖ തയ്യാറാക്കിയെങ്കിലും റെയിൽവേ അംഗീകാരം ലഭിച്ചില്ല. കൊല്ലം-ചെങ്കോട്ട റൂട്ട്
ഇപ്പോൾ ഒറ്റവരിപ്പാതയാണ്. നാലുവരിപ്പാതയ്ക്ക് ആവശ്യമായ സൗകര്യം നൽകിവേണം നിർമാണമെന്നാണ് റെയിൽവേ നിലപാട്.
പ്രധാനമന്ത്രി നിർമാണോദ്ഘാടനം നടത്തിയ മേൽപ്പാലത്തിൻ്റെ രൂപകല്പന റെയിൽവേയുടെ പുതിയ നയമനുസരിച്ച് പുതുക്കിനൽകണം. ഇതു സമർപ്പിക്കേണ്ടത് സംസ്ഥാന ഏജൻസിയായ ആർ.ബി.ഡി.സി.കെ.യാണ്. ജി എ.ഡി. ലഭിച്ചാലുടൻ മുൻഗണന നൽകി പാലം നിർമാണം പൂർത്തി യാക്കുമെന്ന് റെയിൽവേ അധികൃതർ ഉറപ്പുനൽകി. ദേശീയപാത മന്ത്രാലയം റീജണൽ ഓഫീസർ ശ്രീധര, സതേൺ റെയിൽവേ സീനിയർ ഡിവിഷ ണൽ എൻജിനിയർ എം.പ്രവീണ, നാറ്റ്പാക് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഷഹിം, എൻ.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടർ വിപിൻ മധു, ആർ.ബി.ഡി.സി.കെ. പ്രോജക്ട് എൻജിനിയർ മുഹമ്മദ് അൽത്താഫ്, റെയിൽവേ നിർമാണവിഭാഗം എക്സിക്യുട്ടിവ് ഡയറക്ടർ ഷൺമുഖം, ദേശീയപാതവിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ ജോൺ കെന്നത്ത്, എൻ.എച്ച്.എ.ഐ. ഡെപ്യൂട്ടി മാനേജർ നന്നാഭരത്, ശാസ്ത്രജ്ഞരായ അരുൺ ചന്ദ്രൻ, അഭിഷേക് കെ.അസാദ് തുടങ്ങിയവരടങ്ങിയ സംഘമാണ് പങ്കെടുത്തത്.

Related articles

Recent articles

spot_img