മഴപെയ്‌താൽ തോടാകും പാതകൾ…!

Published:

കൊട്ടാരക്കര | മഴ പെയ്താൽ പാതകൾ വെള്ളക്കെട്ടാകുന്ന അവസ്ഥയ്ക്കു മാറ്റമില്ല. പ്രധാന പാതകളും ഗ്രാമീണവഴികളും ഒരുപോലെ വെള്ളക്കെട്ടായി മാറി.
എം.സി.റോഡിൽ വാളകത്തെ കുപ്രസിദ്ധ വെള്ളക്കെട്ടിന് ഇനിയും ശാശ്വതപരിഹാരമായിട്ടില്ല.
കെ.എസ്.ടി.പി., റവന്യൂ, പഞ്ചായത്ത് എന്നിവ ചേർന്ന് പദ്ധതി തയ്യാറാക്കിയെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കൽ നടപ്പായില്ല. വാളകം എം.എൽ.എ.ജങ്ഷനിൽ ചെറിയ മഴയിലും വെള്ളക്കെട്ട് പതിവാണ്. കഴിഞ്ഞദിവസം വെള്ളക്കെട്ടിൽ വാഴനട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പാതയിലെ വെള്ളക്കെട്ട് ഏറെ വലയ്ക്കുന്നത് കാൽനടയാത്രക്കാരെയും റോഡരികിലെ കടക്കാരെയുമാണ്.
കൊട്ടാരക്കര-പൂവറ്റൂർ പാതയിലെ മുസ്‌ലിം സ്‌ട്രീറ്റ്, പള്ളിക്കൽ, പ്ലാമൂട് എന്നിവിടങ്ങളിലും സമാന സ്ഥിതിയാണ്. മുസ്‌ലിം സ്‌ട്രീറ്റിൽ ചെറിയ മഴയിൽപ്പോലും മണ്ണും വെള്ളവും പരന്നൊഴുകും. പാതയിൽ മണ്ണടിയുന്നത് ഇരുചക്രവാഹന യാത്രക്കാരെ അപകടത്തിലാക്കുന്നു.
പള്ളിക്കൽ ക്ഷേത്രത്തിനു സമീപം വളവിലെ വെള്ളക്കെട്ട് ഏറെനാളായുള്ളതാണ്.
പ്ലാമൂട്ടിലെ പാതയുടെ വശങ്ങളിൽ വെള്ളം ഒഴുകിപ്പോകാൻ ഇടമില്ല. സമീപത്തുള്ള സ്വകാര്യവസ്തുവിലേക്കു മാത്രമാണ് വെള്ളമൊഴുകാൻ ഇടമുള്ളത്. പ്രദേശത്ത് ഓടയില്ലാത്തതാണ് വെള്ളക്കെട്ടിനു കാരണം.
എം.സി.റോഡിൽ പലഭാഗത്തും ഇപ്പോഴും വെള്ളക്കെട്ടുണ്ട്. ദേശീയപാതയിൽ നെടുമ്പായികുളത്തും കിള്ളൂരിലും മഴയിൽ വെള്ളക്കെട്ടുണ്ടാകും.
ഓടകളോ കോൺക്രീറ്റ് പാലോ നിർമിച്ച് പരിഹാരം കാണണമെന്ന് താലൂക്ക് വികസനസമിതി യോഗങ്ങളിൽ അഭിപ്രായം ഉയർന്നിരുന്നു.
എന്നാൽ ഇത്തരം സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ നിർമാണങ്ങൾ നടത്താൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. പ്രതിഷേധങ്ങളുണ്ടാകുമ്പോൾ മാത്രമാണ് അറ്റകുറ്റപ്പണിക്ക് അടങ്കൽ തയ്യാറാക്കുന്നത്.
മുസ്ലിം സ്ട്രീറ്റ് ഭാഗത്ത് കൊരുപ്പുകട്ട പാകിയെങ്കിലും പാതയുടെ മറ്റുഭാഗങ്ങൾ വലിയതോതിൽ തകർന്നുകിടക്കുകയാണ്.
അടിയന്തരമായി ടെൻഡർ ചെയ്ത് നിർമാണം തുടങ്ങിയില്ലെങ്കിൽ രണ്ടാം ഘട്ട സമരങ്ങൾ നടത്തുമെന്ന് പ്രതിപക്ഷ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Related articles

Recent articles

spot_img