അധ്യാപികയായ ഭാര്യയെ ചിരവയ്ക്ക് അടിച്ചുകൊന്ന കേസിൽ ഭർത്താവിന്‌ ജീവപര്യന്തം

Published:

കൊല്ലം | അധ്യാപികയായ ഭാര്യയെ ചിരവയ്ക്ക് തലയ്ക്കടിച്ചും ഷാൾകൊണ്ട് കഴുത്തുഞെരിച്ചും കൊന്ന കേസിൽ സർക്കാർ ജീവനക്കാരനായ ഭർത്താവിന്‌ ജീവപര്യന്തം ശിക്ഷ. ശാസ്താംകോട്ട രാജഗിരി അനിതാഭവനിൽ അനിതാ സ്റ്റീഫനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ്‌ രാജഗിരി അനിതാഭവനിൽ ആഷ്‌ലി സോളമന്‌ (50) ആണ്‌ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജ് ബിന്ദു സുധാകരൻ ചൊവ്വാഴ്ച വിധിച്ചത്‌. പിഴ ഒടുക്കാത്തപക്ഷം രണ്ടുവർഷം അധിക കഠിനതടവും വിധിച്ചു. പ്രതിയുടെയും അനിതാ സ്റ്റീഫന്റെയും മക്കളുടെ പുനരധിവാസത്തിന് ആവശ്യമായ നിർദേശം ലീഗൽ സർവീസ് അതോറിറ്റിക്കു നൽകി. ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായ പ്രതി സസ്പെൻഷനിലാണ്. 2018 ഒക്ടോബർ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച പ്രതി ഭാര്യയെ വീട്ടുതടങ്കലിൽ പാർപ്പിച്ചു. ഇതിനെതിരെ അനിതയുടെ സുഹൃത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. ഇതേത്തുടർന്ന്‌ അനിതയെ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവായി. അന്നേദിവസം പകൽ ഒന്നിനും 1.30നും ഇടയിൽ വീടിന്റെ ഹാൾമുറിയിൽ പ്രതി ഭാര്യയെ തലയ്ക്ക് അടിച്ചുവീഴ്‌ത്തുകയും ചുരിദാറിന്റെ ഷാൾകൊണ്ട്‌ കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നു. ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. സംഭവദിവസം പകൽ ഒന്നിന്‌ കൊച്ചുമക്കൾക്ക്‌ സ്കൂളിൽ ഉച്ചഭക്ഷണം എത്തിച്ചുകൊടുത്തു തിരികെവന്ന അച്ഛൻ സ്റ്റീഫനാണ്‌ മകൾ രക്തത്തിൽ കുളിച്ചുകിടക്കുന്നത്‌ കണ്ടത്‌. ചിരവയുടെ നാക്കിലും കൃത്യത്തിന്‌ ഉപയോഗിച്ച ഷാളിലും പ്രതിയുടെയും കൊല്ലപ്പെട്ട അനിതയുടെയും രക്തം കണ്ടെത്താനായതാണ് ശക്തമായ തെളിവായത്. പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിച്ചു. ചിരവയും ഷാളും അടക്കം എട്ട്‌ തൊണ്ടിമുതലും 37 രേഖയും ഹാജരാക്കി. ശാസ്താംകോട്ട ഇൻസ്പെക്ടറായിരുന്ന വി എസ് പ്രശാന്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ കെ മനോജ് ഹാജരായി. വിധിക്കുശേഷം ആഷ്‌ലിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റി.

Related articles

Recent articles

spot_img