അച്ചൻകോവിൽ ആദിവാസി കോളനി നിവാസികൾക്ക് ഭവനമൊരുങ്ങുന്നു

Published:

പുനലൂർ | അച്ചൻകോവിൽ വനത്തിനുള്ളിൽ താമസിച്ചുവന്നിരുന്ന മലമ്പണ്ടാരവിഭാഗത്തിൽപ്പെട്ട 12 കുടുംബങ്ങൾ ഇനി ഭൂമിയുടെ അവകാശികൾ. മണിയാറിൽ നടന്ന ചടങ്ങിൽ പട്ടികജാതി, പട്ടികവർഗ മന്ത്രി കെ രാധാകൃഷ്‌ണൻ ഭൂമിയുടെ രേഖകൾ വിതരണംചെയ്‌തു.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സാധാരണക്കാരായ മനുഷ്യരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കാൻ ആവശ്യമായ പദ്ധതികളാണ് കേരള സർക്കാർ നടപ്പാക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. പട്ടികജാതി- പട്ടികവർഗ വിഭാഗം ഉൾപ്പെടെ സമൂഹത്തിൽ പിന്തള്ളപ്പെട്ടു പോയ അടിസ്ഥാന ജനവിഭാഗത്തെ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹിക ഉന്നമനത്തിലേക്ക് എത്തിക്കാൻ കഴിയുകയുള്ളൂ. ഇവരെ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് കൊണ്ടുവരുവാൻ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും കരുതലും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

പി എസ്‌ സുപാൽ എംഎൽഎ അധ്യക്ഷനായി. മുനിസിപ്പല്‍ അധ്യക്ഷ ബി സുജാത സ്വാഗതം പറഞ്ഞു. എൻ കെ പ്രേമചന്ദ്രൻ എംപി, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ എന്നിവർ മുഖ്യാതിഥികളായി. ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിൽ മുതലത്തോട് ഭാഗത്ത് 18 മലമ്പണ്ടാര കുടുംബങ്ങളാണ്‌ താമസിക്കുന്നത്‌. വനവിഭവശേഖരണം മുഖ്യ തൊഴിലാക്കിയ ഇവർ നിലവിൽ ടാർപോളിൻ ഷീറ്റുവിരിച്ച ഷെഡുകളിലാണ് കഴിയുന്നത്. ഇവർക്ക് 2003ൽ പിറവന്തൂർ പഞ്ചായത്തിലെ കുരിയോട്ടുമല പുനരധിവാസ കോളനിയിൽ ഭൂമി അനുവദിച്ചിരുന്നു.

എന്നാൽ, മറ്റൊരു താലൂക്കിലുള്ളതും വനമേഖലയിൽനിന്ന്‌ വളരെ അകലെയുള്ളതുമായ സ്ഥലമായതിനാൽ കുരിയോട്ടുമലയിൽ ഇവർ താമസത്തിന് തയ്യാറായില്ല. തുടർന്ന് ഇവർക്കു നൽകിയ പട്ടയം റദ്ദുചെയ്‌തു. തുടർന്ന്‌ ഇവർക്ക്‌ അച്ചൻകോവിൽ മേഖലയിൽ കലക്ടർ മുഖേന വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി വാങ്ങുകയായിരുന്നു. ആകെയുള്ള 18 കുടുംബങ്ങളിൽ കുടുംബവക ഭൂമി ഉണ്ടെന്നു കണ്ടെത്തിയ രണ്ടുപേരെയും മുമ്പ്‌ ഭൂമി നൽകിയ ഒരാളെയും ഒഴിവാക്കി. മൂന്നുപേർ ഭൂമി സ്വീകരിക്കാൻ താൽപ്പര്യം കാണിച്ചില്ല.

Related articles

Recent articles

spot_img