പുത്തൂർ | പക്ഷാഘാതം ബാധിച്ച വീട്ടമ്മയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മൂത്ത മകൻ അറസ്റ്റിൽ. ചെറുപൊയ്ക തെക്ക് നെടിയവിള ഭാഗം സതീശ് ഭവനിൽ ശശിധരൻ പിള്ളയുടെ ഭാര്യ പത്മിനിയമ്മ (61) ആണു കൊല്ലപ്പെട്ടത്. അമ്മയെ അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തി എന്ന കേസിൽ മകൻ സതീശ് കുമാറിനെ (37) ആണു പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഗൾഫിൽ ജോലി ചെയ്തു സമ്പാദിച്ചതെല്ലാം പാഴാക്കിയത് അമ്മയാണെന്ന് ആരോപിച്ചു സതീശ് പതിവായി മദ്യപിച്ചു വഴക്കിടുമായിരുന്നത്രെ. ഇയാളുടെ ഭാര്യ കുറച്ചു ദിവസങ്ങൾക്കു മുൻപു പിണങ്ങിപ്പോയിരുന്നു. ഇതിനു ശേഷം വീട്ടിൽ വഴക്കു പതിവായി. ഉപദ്രവം സഹിക്കവയ്യാതെ പിതാവ് ശശിധരന്‍ പിള്ള 3 ദിവസം മുൻപ് വീടു വിട്ട് ഇറങ്ങിയിരുന്നു. പിന്നീട് അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ. വെള്ളി രാത്രിയിൽ സതീശ് പുറത്തു നിന്നു വാങ്ങിക്കൊണ്ടു വന്ന ഭക്ഷണം കഴിക്കുന്നതിനിടെ പത്മിനിയമ്മയുമായി വഴക്കിടുകയും കട്ടിലിൽ കിടന്ന അമ്മയെ തള്ളി താഴെയിട്ടു തല പിടിച്ചു തറയിൽ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. തൊഴിയേറ്റു വാരിയെല്ലു പൊട്ടി. ഇതും തലയ്ക്കേറ്റ ക്ഷതവും ആണു മരണകാരണം. ശരീരത്തിൽ പത്തിലേറെ മുറിവുകളും ചതവുകളും ഉണ്ടായിരുന്നു.
ശനി രാവിലെ ഏഴരയോടെ അയൽ വീട്ടിൽ നിന്നു ബന്ധുവായ യുവതി ചായയുമായി എത്തിയപ്പോഴാണു മുൻവശത്തെ മുറിയിൽ പത്മിനിയമ്മ മരിച്ചു കിടക്കുന്നതു കണ്ടത്. ഈ സമയം സതീശ് കുമാർ അകത്തെ മുറിയിൽ കിടക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ ഒന്നുമറിയില്ല എന്നു ഭാവിച്ചു എങ്കിലും തെളിവുകൾ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചു.
ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫ്, പുത്തൂർ ഇൻസ്പെക്ടർ എസ്എച്ച്ഒ ജി.സുഭാഷ് കുമാർ, എസ്ഐ ടി.ജെ.ജയേഷ്, ഗ്രേഡ് എസ്ഐ രമേശൻ, എഎസ്ഐ സന്തോഷ്, എസ്‍സിപിഒമാരായ സജു, ശ്യാം, ഡബ്ല്യുസിപിഒ ഉഷ, ദിവ്യ, സുധ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്മിനിയമ്മയുടെ സംസ്കാരം നടത്തി.
തുടക്കം മുതൽ സംശയ നിഴലിൽ; ഒടുവിൽ കുറ്റം സമ്മതിച്ച് പ്രതി
നിർണായക തെളിവായത് രക്തക്കറ
ചെറുപൊയ്ക തെക്ക് സതീഷ് ഭവനിൽ പത്മിനിയമ്മയുടെ (61) ദുരൂഹമരണത്തിൽ തുടക്കം മുതൽ തന്നെ മൂത്ത മകൻ സതീഷ് കുമാർ (37) സംശയത്തിന്റെ നിഴലിലായിരുന്നു. അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ എന്നതായിരുന്നു കാരണം. പക്ഷാഘാത ബാധിതയായ പത്മിനിയമ്മ ഊന്നുവടിയുടെ സഹായത്തോടെയാണു നടന്നിരുന്നത്. ഇതിനിടെ ചിലപ്പോൾ വീഴാറുണ്ട്. ഇതും അങ്ങനെ സംഭവിച്ചതാകാം എന്നായിരുന്നു സതീഷിന്റെ ആദ്യ പ്രതികരണം. താൻ മദ്യപിച്ചിരുന്നു എന്നും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നും കൂസലില്ലാതെ പറഞ്ഞ് ഒഴിയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇതു മുഖവിലയ്ക്കെടുത്തില്ല. പകരം ഇയാളെ തന്ത്രപൂർവം കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തപ്പോഴും ‘നിരപരാധി’യായി സതീഷ് തുടർന്നു.
പിന്നീടു നടത്തിയ ശാസ്ത്രീയ പരിശോധനകൾ കൊലപാതക സുചനകൾ നൽകി. സതീഷിന്റെ വസ്ത്രങ്ങളിലും കിടക്കവിരിയിലും ഉൾപ്പെടെ രക്തക്കറ ഉണ്ടായിരുന്നു. ശുചിമുറിയിൽ നിന്നു രക്തം കഴുകിക്കളഞ്ഞതിന്റെ തെളിവും ലഭിച്ചു. സതീഷിന്റെ ശരീര പരിശോധനയിൽ നഖങ്ങൾക്ക് അടിയിലും ഉണങ്ങിയ രക്തം കണ്ടെത്തി. ഇതു ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഗൾഫിൽ ആയിരുന്ന സതീഷ് കുമാർ കഴിഞ്ഞ വർഷം അവസാനം നാട്ടിൽ എത്തിയതാണ്. ഈ വർഷമാണു വിവാഹിതനായത്. മദ്യപിച്ചാൽ സ്വഭാവം മാറുന്ന സതീഷ് അച്ഛനെയും അമ്മയെയും ഉപദ്രവിക്കുമായിരുന്നു. ഇതു സഹിക്കവയ്യാതെയാണ് അച്ഛൻ ശശിധരൻ പിള്ള 3 ദിവസങ്ങൾക്കു മുൻപ് വീടു വിട്ടിറങ്ങിയത്. കൊല്ലത്ത് ആയിരുന്ന ശശിധരൻ പിള്ള പ്രദേശവാസി പറഞ്ഞു ഭാര്യയുടെ മരണ വിവരം അറിഞ്ഞു തിരികെ എത്തി. വെള്ളി വൈകിട്ട് സുഹൃത്തുമായി പുത്തൂരിൽ പോയി മദ്യപിച്ച ശേഷം ആഹാരവും വാങ്ങിയാണു സതീഷ് വീട്ടിലെത്തിയത്. തന്നെ സാമ്പത്തികമായി തകർത്തതും ഭാര്യ പിണങ്ങി വീടു വിട്ട് പോകാൻ കാരണവും അമ്മയാണ് എന്നു പറഞ്ഞായിരുന്നു കലഹം. ഇത് അമ്മയുടെ മരണത്തിൽ കലാശിക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കുന്നതു മുതൽ കോടതിയിൽ ഹാജരാക്കിയതു വരെ ഇയാൾക്ക് ഒരു ഭാവ വ്യത്യാസവും ഇല്ലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
