വീടുകളിൽ വെള്ളം കയറിയും, കിണറുകൾ ഇടിഞ്ഞുതാഴ്ന്നും മഴയിൽ

Published:

കരുനാഗപ്പള്ളി |തുടർച്ചയായി പെയ്യുന്ന മഴയിൽ കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങൾ ദുരിതത്തിലായി. ഒട്ടേറെ വീടുകളിൽ വെള്ളം കയറി. കന്നേറ്റിയിൽ ദേശീയപാതയ്ക്കു പടിഞ്ഞാറ് ഒട്ടേറെ വീടുകൾ വെള്ളക്കെട്ടിലായി. ഇവിടെയുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയിലും വെള്ളം കയറി.

നഗരസഭ എട്ടാം ഡിവിഷനിലും പുള്ളിമാൻ ജങ്‌ഷനു പടിഞ്ഞാറും വീടുകളിൽ വെള്ളം കയറി. രണ്ടു കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. മഴ ശക്തമായി തുടർന്നാൽ ഈ പ്രദേശത്തുള്ള കുടുംബങ്ങളെ തഴവയിലെ ഡിസാസ്റ്റർ ഷെൽട്ടറിലേക്ക് മാറ്റി താമസിപ്പിക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. നഗരസഭയിലെ തീരദേശ വാർഡുകളിലും ടൗണിനോടുചേർന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. നഗരസഭാ ജീവനക്കാരെത്തി പല സ്ഥലങ്ങളിലും തടസ്സങ്ങൾ നീക്കി വെള്ളക്കെട്ട് ഒഴിവാക്കി.

ക്ലാപ്പന എട്ടാംവാർഡിലെ ഇരുപതോളം വീടുകളിൽ വെള്ളം കയറി. ക്ലാപ്പനയിലെ തീരപ്രദേശങ്ങളിൽ പല സ്ഥലങ്ങളിലും ശക്തമായ വെള്ളക്കെട്ട് നിലനിൽക്കുകയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ജോലികളും തുടരുന്നു. കുലശേഖരപുരം ആദിനാട് വടക്ക് കോട്ടയിൽ പുത്തൻവീട്ടിൽ കല്യാണിയമ്മയുടെ വീടിനു വടക്കുഭാഗത്തുള്ള പന്നിത്തോടിന്റെ സംരക്ഷണഭിത്തി പൂർണമായും തോട്ടിലേക്ക് തകർന്നുവീണു. വീടിനും കേടുപാടുണ്ടായി.
തൊടിയൂർ വെളുത്തമണൽ ഉമേഷ്ഭവനിൽ അംബിക, പുത്തൻസങ്കേതം നോർത്ത് കൊച്ചയ്യത്ത് കമലാലയത്തിൽ കമലമ്മ, തെക്കുംഭാഗം നടുവത്തുചേരി കൊണ്ടാന വീട്ടിൽ (ചെപ്പള്ളിൽ) മുരളീധരൻ പിള്ള എന്നിവരുടെ വീട്ടുമുറ്റത്തെ കിണറുകൾ ഇടിഞ്ഞുതാഴ്‌ന്നു.

തെക്കുംഭാഗം വടക്കുംഭാഗത്ത് രാജേഷ് ഭവനത്തിൽ സരസ്വതിപ്പിള്ളയുടെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ചവറ കൊറ്റൻകുളങ്ങര എച്ച്.എസ്.എസിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം തുടങ്ങി. പതിനാറാംവാർഡിലെ മുപ്പതോളം കുടുംബങ്ങളെ ഇവിടേക്കു മാറ്റിയിട്ടുണ്ട്.

Related articles

Recent articles

spot_img