കൊട്ടിയം | ചന്ദന മരങ്ങൾ മോഷ്ടിച്ച് കടത്തുന്ന സംഘത്തെ കൊട്ടിയം പൊലീസും ഡാൻസാഫ് ടീമും ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശിയായ സ്ത്രീ ഉൾപ്പെട്ട അഞ്ചംഗ സംഘത്തെയാണ് അറസ്റ്റു ചെയ്തത്. കാസർകോട് ചെങ്ങള കുന്നിൽ ഹൗസിൽ അബ്ദുൽ കരീം (50), കാസർകോട് ചെടികുണ്ട് ഹൗസിൽ ഷാഫി (32), കൊല്ലം കണ്ണനല്ലൂർ പള്ളിവടക്കതിൽ അൽബാൻ ഖാൻ (39), അഞ്ചാലൂംമൂട് തൃക്കരുവ കാഞ്ഞാവെളി തിനവിള താഴതിൽ അബ്ദുൽ മജീദ് (43), ബെംഗളൂരു എലങ്ക വിദ്വാരുണ്യ പുരയിൽ ഹൗസ് നമ്പർ 24 – ൽ നേത്രാവതി (43) എന്നിവരാണ് പിടിയിലായത്. അബ്ദുൽ കരീം ചന്ദന ഫാക്ടറികളുമായി ബന്ധമുള്ള വ്യക്തിയാണെന്നറിയുന്നു. ഇയാളുടെ നിർദേശം അനുസരിച്ചായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്.
നേത്രാവതി നേരിട്ട് മോഷണത്തിൽ പങ്കാളിയാകാറില്ല. സംഘം കൊട്ടിയത്തെ ലോഡ്ജിൽ താമസിച്ചാണ് ചന്ദന മരങ്ങൾ മോഷ്ടിച്ചു വന്നത്. പകൽ ചുറ്റിക്കറങ്ങി ചന്ദന മരങ്ങൾ കണ്ടു വച്ച ശേഷം രാത്രി മുറിച്ചു കടത്തുകയായിരുന്നു. ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലെ ചന്ദനമരം മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സംഘത്തെ കണ്ടെത്താനായത്. മരങ്ങൾ മുറിക്കാൻ ഉപയോഗിക്കുന്ന വാൾ സംഘം താമസിച്ചിരുന്ന മുറിയിൽ നിന്നു കണ്ടെടുത്തു.
