കൊല്ലം | ‘കടലിന്റെ നേരവകാശികളായ ഞങ്ങളെ ആട്ടിപ്പായിക്കാനുള്ള കോർപറേറ്റ്, മോദി ഭരണനേതൃത്വത്തിനെതിരെ പ്രതിരോധം തീർക്കുമെന്ന് കടലിന്റെ മക്കളായ ഞങ്ങൾ പ്രതിജ്ഞയെടുക്കുന്നു’–- സംസ്ഥാനത്തെ തീരദേശങ്ങളിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും മനുഷ്യശൃംഖല തീർത്ത് എടുത്ത പ്രതിജ്ഞ നാടാകെ അലയടിച്ചു. സംസ്ഥാനത്ത് 70 തീരകേന്ദ്രങ്ങളിലാണ് കടൽ സംരക്ഷണ ശൃംഖല തീർത്തത്. ‘കടൽ കടലിന്റെ മക്കൾക്ക്’ മുദ്രാവാക്യമുയർത്തി കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിലായിരുന്നു പരിപാടി.
മത്സ്യത്തൊഴിലാളികളുടെ ഏക ജീവിതമാർഗമായ കടൽ കുത്തകകൾക്ക് ഖനനത്തിനായി ലേലം ചെയ്‌ത് വിൽക്കാനുള്ള കേന്ദ്ര തീരുമാനം റദ്ദാക്കുംവരെ പ്രക്ഷോഭം തുടരും. കടലാക്രമണത്തിൽനിന്നു തീരത്തെ സംരക്ഷിക്കാനുള്ള പദ്ധതികൾക്ക് കേന്ദ്ര സർക്കാർ ആവശ്യമായ തുക അനുവദിക്കുക, മീൻപിടിത്തത്തിനുള്ള മണ്ണെണ്ണ സബ്‌സിഡി പുനഃസ്ഥാപിക്കുക, തൊഴിലാളികളുടെ ക്ഷേമ പദ്ധതികളിലെ വെട്ടിക്കുറച്ചതും നിർത്തലാക്കിയതുമായ കേന്ദ്രവിഹിതം പുനഃസ്ഥാപിക്കുക, മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി തുക കൃത്യസമയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ശൃംഖല തീർത്തത്. പ്രതിജ്ഞയ്ക്കുശേഷം എല്ലാ കേന്ദ്രത്തിലും പൊതുസമ്മേളനങ്ങളും നടന്നു.
മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ജില്ലയിൽ തിങ്കളാഴ്‌ച നാലിടങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. നീണ്ടകരയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്‌ഘാടനംചെയ്‌തു. എ ജോയി അധ്യക്ഷനായി. ലതീശൻപിള്ള സ്വാഗതം പറഞ്ഞു. സുജിത് വിജയൻപിള്ള എംഎൽഎ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി മനോഹരൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി മുരളീധരൻ, ചവറ ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ, മത്യാസ് അഗസ്റ്റിൻ, ആർ അഭിലാഷ്, ശശിവർണൻ തുടങ്ങിയവർ സംസാരിച്ചു.
ആലപ്പാട്ട് യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി ഉദ്‌ഘാടനംചെയ്‌തു. പി ജോസ് അധ്യക്ഷനായി. ബി വേണു സ്വാഗതംപറഞ്ഞു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ വൈസ് പ്രസിഡന്റ് ജി രാജദാസ് സംസാരിച്ചു. അഭിലാഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാവനാട്ട് കടൽ സംരക്ഷണ ശൃംഖല മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എ അനിരുദ്ധൻ ഉദ്‌ഘാടനംചെയ്‌തു. ജാക്‌സൺ വിൻസെന്റ് അധ്യക്ഷനായി. ടോംസൺ ഗിൽബർട്ട് സ്വാഗതം പറഞ്ഞു. എസ് ജയൻ, വി രാജ്‌കുമാർ, ആർ മനോജ്, എ അമാൻ, ജോസ് ബർണാഡ്, എസ് അമ്മിണി, വിമല ഫിലിപ്പ് എന്നിവർ സംസാരിച്ചു.
തങ്കശേരിയിൽ സിഐടിയു ജില്ലാ ട്രഷറർ എ എം ഇക്‌ബാൽ ഉദ്‌ഘാടനംചെയ്‌തു. ബി ജസ്റ്റിൻ അധ്യക്ഷനായി. ബിജു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എച്ച് ബേസിൽലാൽ, ജി ആനന്ദൻ, സബീന സ്റ്റാൻലി, അശോക്‌കുമാർ, ജെ ബിജു എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജൂലിയറ്റ് നെത്സൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
