കൊല്ലം | ബി.എസ്.എൻ.എൽ. റിട്ട് അസിസ്റ്റന്റ് ജനറൽ മാനേജർ സി. പാപ്പച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ പോലീസ് കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചു.
കൊല്ലം ജുഡിഷ്യൽ ഒന്നാം ക്ലാസ് കോടതി (മൂന്ന്) മജിസ്ട്രേറ്റ് എസ്.എ.സജാദ് മുൻപാകെ വൈകിട്ട് അഞ്ചുമണിയോടെ ഹാജരാക്കിയ ആദ്യ നാലു പ്രതികളായ അനിമോൻ, മാഹിൻ, സരിത, അനൂപ് എന്നിവരെ ജുഡിഷ്യൽ
കസ്റ്റഡിയിൽ വിട്ടു.
ഇവരിൽ സരിതയെ കൊട്ടാരക്കര ജയിലിലേക്കും മറ്റു മൂന്ന് പ്രതികളെ കൊല്ലം ജില്ലാ ജയിലിലേക്കുമാണ് കൊണ്ടുപോയത്. തെളിവെടുപ്പ് ഏറെക്കുറെ പൂർത്തിയാക്കിയ പോലീസ് കുറ്റപത്രം തയ്യാറാക്കാനുള്ള അവസാനഘട്ട പരിശോധനയിലാണ്. പാപ്പച്ചന്റെ സമ്പാദ്യത്തിൽ മൂന്നും നാലും പ്രതികൾ നടത്തിയ തിരിമറി, പ്രതികൾ തമ്മിൽ കൊലപാതകത്തിനുമുൻപും ശേഷവും നടന്ന സാമ്പത്തിക ഇടപാടുകൾ തു ടങ്ങിയവ പിടിച്ചെടുത്ത രേഖകൾ വെച്ച് പരിശോധിക്കും. ഒന്നും രണ്ടും പ്രതികൾക്ക് കൊല്ലത്തെ വിവിധ കേന്ദ്രങ്ങളിൽ വച്ച് പണം കൈമാറിയതിന്റെ
തെളിവെടുപ്പും പോലീസ് തിങ്കളാഴ്ച നടത്തി. സരിതയുടെ മകൻ്റെയും ഭർത്താവിൻ്റെയും ഉൾപ്പെടെ ആറ് ബന്ധുക്കളുടെ അക്കൗണ്ട്, പോലീസിന്റെ നിർദേശത്തെ തുടർന്ന് ധനകാര്യ സ്ഥാപനം മരവിപ്പിച്ചിട്ടുണ്ട്.
പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും
